18 May 2024, Saturday

അധ്യാത്മ രാമനും മാനവ രാമനും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം — 4
July 20, 2023 4:30 am

വാല്മീകി രാമായണം മുതൽ മാപ്പിള രാമായണം വരെ ഉൾപ്പെടുന്ന മുന്നൂറോളം രാമായണങ്ങളുണ്ടെന്ന വാദത്തിനു നേരെ അസഹിഷ്ണുതയോടെ ആക്രോശിക്കുന്നവരും കണ്ണടച്ചു പുറന്തിരിഞ്ഞ് നിൽക്കുന്നവരും ഉണ്ടാവാം. പക്ഷേ ഏതൊരു മലയാളിക്കും രണ്ടു രാമായണങ്ങളുണ്ടെന്ന് നിശ്ചയമായും അംഗീകരിക്കേണ്ടി വരും. അതിലൊന്ന് വാല്മീകി രാമായണവും രണ്ടാമത്തേത് അധ്യാത്മരാമായണവുമാണ്. ഇതിൽ വ്യാസവിരചിതമായി പറയപ്പെടുന്ന അധ്യാത്മ രാമായണത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്. വാല്മീകി രാമായണത്തിന്റെ പദാനുപദ തർജമ വള്ളത്തോളും നിർവഹിച്ചിട്ടുണ്ട്. ഈ രണ്ടു രാമായണത്തിനും നിരക്കുന്നതല്ല ആര്‍എസ്എസും ബിജെപി ഉൾപ്പെടെയുളള പരിവാരങ്ങളും ഉയർത്തുന്ന രാമ ജന്മഭൂമി വാദം അഥവാ ജന്മസ്ഥാൻ രാഷ്ട്രീയ വാദം.


ഇത് കൂടി വായിക്കൂ: രാമായണമാസം മാതൃഭാഷാ മഹോത്സവമാ‌ക്കാം


അധ്യാത്മരാമായണത്തിലെ രാമൻ ജനനമരണാദികളില്ലാത്ത ശാശ്വതാത്മാവും പരബ്രഹ്മവും ആണ്. ‘അദ്വയനാദ്യനജനവ്യയനാത്മാരാമൻ\തത്വാത്മാ സച്ചിന്മയൻ സകളാത്മകനീശൻ\ മാനുഷനെന്നു കല്പിച്ചീടുവോരജ്ഞാനികൾ’ (അധ്യാത്മ രാമായണം: ബാലകാണ്ഡം; ഉമാമഹേശ്വര സംവാദം) എന്ന വരികൾ മേല്പറഞ്ഞ പ്രസ്താവനക്ക് ഉപോദ്ബലകമാണ്. ഇതുപ്രകാരം തന്നെ അധ്യാത്മരാമായണത്തിലെ രാമനു ജനനമോ മരണമോ ഇല്ലാത്തതിനാൽ ജന്മഭൂമിയും ജന്മസ്ഥാനവും ഇല്ലെന്നു പറയാം. അതിനാൽ സംഘ്പരിവാരത്തിന്റെ ജന്മഭൂമ്യധിഷ്ഠിത വർഗീയ രാഷ്ട്രീയം അധ്യാത്മ രാമായണത്തിന്റെ ആത്മാവബോധത്തിനു കടകവിരുദ്ധമാണ്.
മഹാത്മജിയുടെ രാമനും അധ്യാത്മ രാമനായിരുന്നു അയോധ്യാപതിയായിരുന്നില്ല. ഗാന്ധിജി എഴുതുന്നു: ‘എന്റെ പ്രാർത്ഥനയിലുളള രാമൻ, ചരിത്രപരമായി ദശരഥപുത്രനും അയോധ്യാധിപനുമായ രാമനല്ല. ഇതുവരെയും അവതരിക്കാത്ത, ശാശ്വതനായ, രണ്ടാമനില്ലാത്ത ഒരാളാണ് എന്റെ രാമൻ. അദ്ദേഹത്തെ മാത്രം ഞാൻ ആരാധിക്കുന്നു. അദ്ദേഹം എല്ലാവരുടേതുമാണ്.‌‌’ (മഹാത്മാവിന്റെ മനസ്: പേജ് 121; കേരള ഗാന്ധി സ്മാരക നിധി പ്രസാധനം 2022). ‘ജന്മനാശാദികളില്ലാതൊരു വസ്തുപര‑ബ്രഹ്മ’മായ ശ്രീരാമൻ അമ്പലവാസിയല്ല, അയോധ്യാവാസിയും അല്ല; മറിച്ച് ‘സർവ വ്യാപിനവും സർവാത്മാനവും’ ആയ പരമസത്തയാണ്. അമ്പലവാസിയായി ചുരുങ്ങാത്ത ആകാശ വിശാലമായ സത്തയായ അധ്യാത്മരാമനെ അധ്യാത്മരാമായണം വായിച്ചറിഞ്ഞവരാണ് മലയാളികൾ എന്നതുകൊണ്ടു കൂടിയാണ് അയോധ്യയിലെ ശിലാക്ഷേത്ര പ്രതിഷ്ഠയായ രാമനും അതിനെച്ചൊല്ലിയുള്ള വർഗീയ രാഷ്ട്രീയത്തിനും കേരളത്തിൽ വേരുപിടിത്തം ഉണ്ടാവാതെ പോയത്.
വാല്മീകി രാമായണത്തിലെ മാനവരാമനും വർഗീയ വാദികളുടെ ജന്മസ്ഥാൻ രാഷ്ട്രീയത്തിനു പിൻബലമാകാനുളള അമാനവികതയില്ല. വാല്മീകിയുടെ രാമൻ ദശരഥപുത്രനും സീതാപതിയും അയോധ്യാധിപനും ഒക്കെയാണ് എന്നതിനൊപ്പം നരോത്തമനാര് എന്ന ചോദ്യത്തിന് ഉത്തരവുമാണ്. നരോത്തമന് ഉണ്ടാവേണ്ട ഗുണമാണ് വർഗീയതയുടെ കാട്ടാളത്തവും മുട്ടാളത്തവും എന്ന് വാല്മീകിയെന്നല്ല, തലയ്ക്കു വെളിവുളള ആരും പറയില്ല. വാല്മീകി രാമായണത്തിൽ രാമനു നൽകിയിരിക്കുന്ന ഒരു വിശേഷണം‘വ്യസനേഷു മനുഷ്യാണാം ഭൃശം ഭവതി ദുഃഖിതഃ’(സർവരുടെയും വ്യസനങ്ങളിൽ അവരോടൊപ്പം പങ്കുചേരുന്ന) സ്വഭാവമുളളയാൾ എന്നാണ്.-വാല്മീകി രാമായണം; അയോധ്യാകാണ്ഡം; സർഗം 2; ശ്ലോകം40.


ഇത് കൂടി വായിക്കൂ:പലരാമായണങ്ങളുണ്ടെന്നത് പകല്‍ പോലെ സത്യം


വ്യസനങ്ങളിൽ പങ്കുചേരാനുളള സഹാനുഭൂതിത്വമുളളയാൾ ഒരിക്കലും വ്യസനം വരുത്തുന്ന മനോ-വാഗ്-കർമ്മങ്ങൾ ആരോടും പുലർത്തില്ല. വർഗീയത വ്യസനം പടർത്തുന്ന നീചകർമ്മമാണ്. അതിനോട് ചേർന്നുപോവാൻ വാല്മീകിയുടെ നരോത്തമനായ രാമനും ആവില്ല. അധ്യാത്മരാമായണത്തിലെ രാമനെ ഭജിക്കുന്ന ഗാന്ധിജിയെപ്പോലുളള ഭക്തർക്കും വാല്മീകി രാമായണത്തിലെ നരോത്തമനായ രാമനെ വായിച്ച് ആസ്വദിക്കുന്ന സഹൃദയരായ പണ്ഡിതർക്കും ഒരിക്കലും പളളി പൊളിച്ച് രാമന് കൽക്ഷേത്രം പണിയുന്ന കഠിന ഹൃദയത്വം അഥവാ കാട്ടാളത്തം ഉണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.