Site iconSite icon Janayugom Online

ജനസംഖ്യാനുപാതിക മണ്ഡല പുനര്‍നിര്‍ണയം;ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടിക്ക് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ച് എംപി

ലോക്‌സഭാ, നിയമസഭാ മണ്ഡല പുനര്‍നിര്‍ണയം ജനസംഖ്യാനുപാതികമായി വേണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത് ചര്‍ച്ചയായതിന് പിന്നാലെ നടപടികളുമായി ആന്ധ്രാ സര്‍ക്കാര്‍. വനിതാ ജീവനക്കാരുടെ പ്രസവാവധി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. അതിനിടെ മൂന്നാമത്തെ കുട്ടിക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വിജയനഗരം എംപി കാളിസെറ്റി അപ്പലനാഡിയു പ്രഖ്യാപിച്ചു.

മൂന്നാമത്തെ കുഞ്ഞ് പെണ്ണാണെങ്കില്‍ അമ്മയ്ക്ക് തന്റെ ശമ്പളത്തില്‍ നിന്ന് 50, 000 രൂപയും ആണ്‍കുട്ടിയാണെങ്കില്‍ പശുവിനെയും നല്‍കുമെന്നാണ് വാഗ്ദാനം നല്‍കിയത്. എത്ര കുട്ടികളുണ്ടെങ്കിലും എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിക്കുമെന്ന് മര്‍ക്കാപൂരില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപിയുടെ നേതാക്കളാണ് ഇരുവരും എന്നതും ശ്രദ്ധേയം. 

സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും കഴിയുന്നത്ര കുട്ടികള്‍ ഉണ്ടാകണമെന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് ഒരു ടിഡിപി നേതാവ് പ്രതികരിച്ചു. പ്രസവാവധി യോഗ്യതയെപ്പറ്റി ഒരു വനിതാ കോണ്‍സ്റ്റബിള്‍ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയോട് സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. ഇതുവരെ വനിതാ ജീവനക്കാര്‍ക്ക് ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമേ ആറ് മാസത്തെ ശമ്പളത്തോടെയുള്ള അവധി ലഭിച്ചിരുന്നുള്ളൂ. രണ്ട് കൂടുതല്‍ കുട്ടികളുള്ളവര്‍ സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അയോഗ്യരാക്കുമായിരുന്നു. ഇത് മറികടക്കാന്‍ ആന്ധ്രാപ്രദേശ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട്-1995, മുനിസിപ്പാലിറ്റീസ് ആക്ട്-1965, പഞ്ചായത്ത് രാജ് ആക്ട്-1994 എന്നിവ ഭേദഗതി ചെയ്തിരുന്നു. 

മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതോടെ ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ പ്രത്യുല്പാദന നിരക്ക് 1.70 ആണ്, ഇത് ദേശീയ ശരാശരിയായ 1.91 നേക്കാള്‍ താഴെയാണ്. തെലങ്കാന (1.82), കര്‍ണാടക (1.70), കേരളം (1.80), തമിഴ്‌നാട് (1.80) എന്നിവിടങ്ങളിലും പ്രത്യുല്പാദന നിരക്ക് കുറവാണ്. 

Exit mobile version