Site iconSite icon Janayugom Online

പോത്തൻകോട് കൊലപാതകം; വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‍ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. 

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുല‍ർച്ചെ പൂ പറിക്കാൻ വേണ്ടി തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടക്കുന്നുണ്ട്. വയോധികയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നത്.

Exit mobile version