Site iconSite icon Janayugom Online

വൈദ്യുതി ലൈന്‍ പൊട്ടിവീണു; ട്രെയിന്‍ ട്രാക്കില്‍ കുടുങ്ങി

traintrain

ഓടികൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കും ഇടയിൽ കോതനല്ലൂർ റയിൽവേ ഗേറ്റിന് സമീപം വൈകിട്ട് നാലോടെയാണ് സംഭവം.

ട്രെയിനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് പാളത്തിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന കമ്പിയാണ് തിരുവനന്തപുരത്തു നിന്നു ന്യൂഡൽഹിയ്ക്ക് പോകുകയായിരുന്ന കേരളാ എക്സ്പ്രസിന്റെ മുകളിലേക്ക് പൊട്ടിവീണത്. അപകടത്തെ തുടര്‍ന്ന് ട്രാക്കില്‍ കുടുങ്ങിയ ട്രെയിന്‍ രണ്ടര മണിക്കൂറിന് ശേഷമാണ് യാത്ര തുടര്‍ന്നത്. എന്‍ജിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് വലിയ ശബ്ദത്തോടെ തകർന്ന് വീണത്.

പൊട്ടിവീണ ഉടൻ വൈദ്യുതി പ്രവാഹം ഓട്ടോമാറ്റിക് ആയി നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കൊച്ചിയിൽ നിന്ന് ഡീസൽ എന്‍ജിൻ കൊണ്ടുവന്നാണ് യാത്ര പുനരാരംഭിച്ചത്. റയിൽവേ അധികൃതരും കടുത്തുരുത്തിയിൽ നിന്നു പൊലീസും അഗ്നിസുരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് കോട്ടയം വഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഗതാഗതം സാധാരണ നിലയിലായത്.

നിലവിൽ ഏറ്റുമാനൂരിനും കുറുപ്പന്തറക്കും ഇടയിൽ ഡീസൽ എന്‍ജിൻ ഉപയോഗിച്ചാണ് ട്രെയിനുകൾ ഓടുന്നത്. മഴ പണികൾക്ക് തടസമാകുന്നുണ്ടെങ്കിലും ഇന്ന് രാവിലെ യോടെ തകരാർ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റയിൽവേ അധികൃതർ വ്യക്തമാക്കി.

പുനലൂർ ‑ഗുരുവായൂർ ട്രെയിൻ ആലപ്പുഴ വഴി സർവീസ് നടത്തും. തിരുവനന്തപുരം ‑ചെന്നൈ മെയിൽ, കൊച്ചുവേളി ‑പാലക്കാട് ഹംസഫർ എക്സ്പ്രസ്, എന്നിവ ഒരു മണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Pow­er line breaks; The train got stuck on the track

You may like this video also

Exit mobile version