എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും. പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഉച്ചയോടെയാണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ദിവ്യയെ ഉച്ചകഴിഞ്ഞ് 3.10 ഓടെ ചോദ്യം ചെയ്യാനായി കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചിരുന്നു.
ഈ മാസം 15നായിരുന്നു കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ എ ഡി എമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തുകയും ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.കൂടുതൽ കാര്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നും ദിവ്യ പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തിനുശേഷം അവിടെ നിന്നിറങ്ങിയ നവീൻ ബാബുവിനെ പിറ്റേന്ന് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ദിവ്യയുടെ അഴിമതിയാരോപണ പ്രസംഗം ഒരു പ്രാദേശിക ചാനലിലൂടെ വാർത്തയാവുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവീൻകുമാറിന്റെ സഹോദരൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ദിവ്യയെ പ്രതിയാക്കി ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയായിരുന്നു.