മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തെളിവുകള്‍ നശിപ്പിക്കുമെന്ന് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ. തെളിവുകൾ സംരക്ഷിക്കാൻ കോടതി ഇടപെടണം . വിശദമായി വാദം കേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബർ 3ന് വിധി പറയും. മരിച്ചയാളെ അഴിമതിക്കാരനാക്കി മാറ്റുവാനാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ ശ്രമിക്കുന്നതെന്ന് നവീൻബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ പറഞ്ഞു .
കളക്ടറും പി പി ദിവ്യയും തമ്മിൽ ബന്ധമുണ്ട് . സി സി ടി വി ദൃശ്യങ്ങൾ മാത്രമാണ് പ്രാഥമിക തെളിവായി ഉള്ളത്. ഇത് നഷ്ട്ടപെട്ടാൽ കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അഭിഭാഷക പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം ഹര്‍ജി നല്‍കിയത്. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പി പി ദിവ്യ, ജില്ലാ കലക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നും ഇവരുടെ സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.