Site iconSite icon Janayugom Online

മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ പ്രസാദ് പുരോഹിതിന് സ്ഥാനക്കയറ്റം

2008‑ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി സ്ഥാനക്കയറ്റം. ജൂലൈ 31‑നാണ് പുരോഹിതടക്കം മലേഗാവ് സ്‌ഫോടന കേസിലെ ഏഴ് പ്രതികളെ പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടത്.

ഒരു ഭീകരവാദ കേസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആദ്യ അറസ്റ്റായിരുന്നു പുരോഹിതിന്റേത്. അടുത്ത വര്‍ഷം പുരോഹിത് സര്‍വീസില്‍ നിന്ന് വിരമിക്കും.

സംശയാതീതമായി തെളിയിക്കാന്‍ തക്ക വിശ്വസനീയവും ശക്തവുമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2008 സെപ്റ്റംബര്‍ 29‑ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തില്‍ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version