Site iconSite icon Janayugom Online

ചെറുവത്തൂരിലെ കിണറുകളില്‍ ഷിഗെല്ല, ഇ കോളി സാന്നിധ്യം

കാസര്‍കോട് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ഇ കോളി ബാക്ടീരിയ സാന്നിധ്യം. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരയ സാന്നിധ്യം കണ്ടെത്തിയത്.
അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ല സാന്നിധ്യവും, 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം നാലിനാണ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ആകെ 30 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ച് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൂടാതെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനുളള പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യുന്നതിനും സ്കൂളുകൾ, അങ്കണവാടികൾ, കുടിവെള്ള വിതരണ പദ്ധതികൾ, ഗവൺമെന്റ് ഓഫിസുകൾ എന്നിവയിലെ കുടിവെള്ള സാമ്പിളുകൾ പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുവാന്‍ തീരുമാനിച്ചു. കൂടാതെ മുഴുവൻ ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെയും കുടിവെള്ള സാമ്പിളുകൾ പരിശോധിക്കാനും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തുന്നവയുടെ ഉപയോഗം നിർത്തിവെയ്ക്കാനും നടപടികൾ സ്വീകരിക്കും.

Exit mobile version