Site iconSite icon Janayugom Online

താര സംഘടനയുടെ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു: താൻ ഒറ്റപ്പെടലിന്റെ ഇരയെന്ന് ഷമ്മി തിലകൻ

Shammi thilakanShammi thilakan

അമ്മ പ്രസിഡന്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്ന് നടൻ ഷമ്മി തിലകൻ. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ടേ താൻ ചോദിച്ചിട്ടുള്ളതാണ്. സർവാധികാരം പ്രസിഡന്റിനാണ്. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിച്ചേ മതിയാകൂ. ഉടയേണ്ട വിഗ്രഹങ്ങൾ ഉണ്ട്. അത് ഉടയട്ടേ. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ.

സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് തനിക്ക് തോന്നുന്നില്ല. പക്ഷേ തന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. താനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. കുറേ നാളായി സിനിമയില്‍ നിന്നും വിട്ടു നിൽക്കുകയാണ്. പല സിനിമകളിൽ നിന്നും സ്വയം ഒഴിവായി. സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികാരോപണം നേരിടുന്ന സിദ്ദിഖിന് മുന്നിൽ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞതിനാണ് അമ്മയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയത്. സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ തനിക്ക് അറിയില്ല. തിലകന്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷനിൽ പിഴ അടച്ചത് അമ്മയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലർ ചെയ്ത തെറ്റിന് ചാരിറ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോഗിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. സിനിമയിലെ പ്രശ്നങ്ങൾ മാറിയാൽ മാത്രമേ ഇനി സിനിമയിലേക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version