Site iconSite icon Janayugom Online

രാഷ്‌ട്രപതി ശബരിമലയിലേക്ക് തിരിച്ചു; ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്ക് തിരിച്ചു. ഇതോടെ ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രാക്രമീകരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. 

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോകും. പമ്പയിൽ നിന്ന് കെട്ട് നിറച്ചശേഷം സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തിൽ പോകും. പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് പോവുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. 

തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും.
വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

Exit mobile version