Site iconSite icon Janayugom Online

സിഗരറ്റിന്റെയും പാന്‍ മസാലയുടെയും വില കുത്തനെ വര്‍ധിക്കും; ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍

സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങളുടെയും പാന്‍ മസാലയുടെയും വില വര്‍ധിക്കും. ഫെബ്രുവരി 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരം അധിക എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി നികുതി ഘടനയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ് വില വര്‍ധനവിന് കാരണം.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍ വരുന്നത് ഫെബ്രുവരി ഒന്നിനാണ്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ബാധകമായ ജിഎസ്ടി നിരക്കുകള്‍ക്ക് പുറമേയാണ് ഈ ലെവികള്‍ കൂടി ചുമത്തുക. സിഗരറ്റുകള്‍ അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. നിലവില്‍ ചുമത്തിയിരിക്കുന്ന നഷ്ടപരിഹാര സെസിന് പകരമായാണ് പുതിയ എക്‌സൈസ് തീരുവയും ആരോഗ്യ സെസും ചുമത്തിയിട്ടുണ്ട്.

സിഗരറ്റുകള്‍ക്കും പുകയിലയ്ക്കും ഉയര്‍ന്ന തീരുവ ചുമത്താന്‍ വഴിയൊരുക്കി 2025 ലെ സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ ഡിസംബറിലാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. പുതിയ നികുതി ഘടന അനുസരിച്ച് ജിഎസ്ടിക്ക് പുറമേ സിഗരറ്റുകള്‍ക്ക് എക്‌സൈസ് തീരുവയും നേരിടേണ്ടിവരും. സിഗരറ്റിന്റെ നീളം അനുസരിച്ച് 1,000 സ്റ്റിക്കുകള്‍ക്ക് 2,050 മുതല്‍ 8,500 രൂപ വരെയാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുക. പ്രഖ്യാപനത്തെത്തുടര്‍ന്ന് പുകയില സ്റ്റോക്കുകള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. വ്യാപാരത്തിനിടെ ഐടിസി ഓഹരികള്‍ 9 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

Exit mobile version