Site icon Janayugom Online

മോഡി തിരുവനന്തപുരത്ത്; ഗതാഗത ക്രമീകരണത്തെ ബാധിച്ച് വാഹനവ്യൂഹത്തിന്റെ അപ്രഖ്യാപിത റോഡ് ഷോ

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തി. 10.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തമ്പാനൂരില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 10.20നാണ് റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് 10.30ന് പുറത്തുകടന്ന മോഡിയുടെ വാഹനവ്യൂഹം വേഗം കുറച്ച് വഴിയോരത്ത് തന്നെ കാണാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് യാത്ര തുടര്‍ന്നത്.

വന്‍ സുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തലസ്ഥാന നഗരയില്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതുസംബന്ധിച്ച് പിഎം ഓഫീസ് നല്‍കിയ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. 11.00 മണിയോടെയാണ് മോഡി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് അവിടെ വന്ദേഭാരത് ട്രെയിനില്‍ സീറ്റുറപ്പിച്ചിട്ടുള്ള കുട്ടികളുമായി സംവദിച്ച ശേഷമാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം വൈകുന്നതോടെ മറ്റുപരിപാടികളിലും സമയമാറ്റം വരും. നരഗത്തിലേക്കുള്ള പല വഴികളും നേരത്തെയുള്ള സമയക്രമപ്രകാരം അടച്ചിട്ടിരിക്കുകയാണ്. വന്‍ ഗതാഗതക്കുരുക്കാണ് നഗരവാതിലുകളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ അപ്രതീക്ഷിതമായുണ്ടായ സമയക്രമത്തിലെ മാറ്റങ്ങള്‍ കൂടുതല്‍ ദുരിതമാകും.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ വരുത്തിയ അപ്രതീക്ഷിത മാറ്റം ഗതാഗത ക്രമീകരണത്തെ ബാധിക്കാതിരിക്കാന്‍ വിമാനത്താവളം റോഡിലൂടെ വാഹനങ്ങള്‍ തുറന്നുവിടാന്‍ തുടങ്ങിയത് ആശ്വാസമായി. മോഡിയുടെ തിരിച്ചുവരവിന്റെ സമയം അനുസരിച്ച് വീണ്ടും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം.

Eng­lish Sam­mury: Prime Min­is­ter arrived in Thiruvananthapuram

Exit mobile version