Site iconSite icon Janayugom Online

പ്രധാനമന്ത്രി കേരളത്തില്‍; മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യും

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിൽ 4000 കോടി രൂപയുടെ മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈ ‍ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്ആർഎഫ്), ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.

കപ്പല്‍ശാലയിലെ 15 ഏക്കറിൽ 1800 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈ ഡോക്ക് കപ്പൽ നിർമ്മാണ രംഗത്തെ വളർച്ചയ്ക്ക് ആക്കം കൂട്ടും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്ക് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 6,000 ടൺ വരെ ഭാരം ഉയർത്താനാകുന്ന ഷിപ്പ് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ കപ്പല്‍ശാലക്ക് വൻ കുതിപ്പു നൽകും. 15,400 ടൺ സംഭരണശേഷിയുള്ള പുതുവൈപ്പ് എൽപിജി ടെർമിനൽ കേരളത്തിലെ ആദ്യ എൽപിജി ഇറക്കുമതി ടെർമിനലാണ്. ഇതോടെ, മംഗളൂരു ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിനെ ആശ്രയിക്കുന്നത് ഒഴിവാകും.

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. തുടര്‍ന്ന് ഹെലികോപ്റ്ററിൽ വൈകിട്ട് 7.15 ന് നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ മോഡി എം ജി റോഡിലൂടെ തുറന്നവാഹനത്തിൽ റോഡ്ഷോ നടത്തി. 

ഇന്ന് രാവിലെ 6.30 ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ അടക്കം നാല് വിവാഹങ്ങളിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവദേക്കർ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. 

Eng­lish Sum­ma­ry: Prime Min­is­ter of Ker­ala; Three projects will be inaugurated

You may also like this video

Exit mobile version