Site iconSite icon Janayugom Online

പ്രധാനമന്ത്രി ഇന്നെത്തും

modimodi

രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നെത്തും. വൈകിട്ട് അഞ്ചിന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ റോഡ് ഷോയിലും, ബിജെപി തേവര എസ്എച്ച് കോളജിൽ സംഘടിപ്പിക്കുന്ന യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചയും നടത്തും. കൊച്ചിയിൽ തങ്ങിയ ശേഷം നാളെ രാവിലെ തിരുവനന്തപുരത്തേക്ക് പോകും. എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയാണ് കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളിലായി ശുപാർശ ചെയ്തിരിക്കുന്നത്. വില്ലിങ്ടൺ ഐലന്റിലെ താജ് വിവാന്ത ഹോട്ടലിലും യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളജിലും വച്ചാകും പ്രധാനമന്ത്രി ഇവരെ കാണുകയെന്നാണ് വിവരം.

മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, (ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട്(ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ(ലത്തീൻ സഭ), കുര്യാക്കോസ് മാർ സേവേറിയൂസ്, (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവർക്കാണ് ക്ഷണം നൽകിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കിയിട്ടുണ്ട്. നേരത്തെ 1.2 കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ. അതിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോര്‍ന്നതില്‍ ഡിജിപി റിപ്പോർട്ട് തേടി. ഇന്റലിജൻസ് മേധാവിയോട് ചോർച്ചയിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന്‍ നിർദേശം നല്‍കി.

കൊച്ചിയില്‍ കനത്ത സുരക്ഷ

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ പറഞ്ഞു. 2060 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിക്ക് 20,000 പേരും റാലിയിൽ 15,000 പേരും പങ്കെടുക്കും. പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിലെ കടകൾ അടപ്പിക്കില്ലെന്നും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

നാളെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കോഴിക്കോട് ഡിജിറ്റൽ സയൻസ് പാർക്ക്, വർക്കല‑ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ-പളനി-പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികൾ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ഡോ. ശശി തരൂർ എംപി തുടങ്ങിയവർ പങ്കെടുക്കും.

Eng­lish Sam­mury: Prime Min­is­ter Naren­dra Modi will arrive today at Kochi

Exit mobile version