Site iconSite icon Janayugom Online

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റഷ്യന്‍ സന്ദ‍ര്‍ശനം റദ്ദാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 9 ന് മോസ്‌കോയില്‍ നടക്കുന്ന റഷ്യന്‍ വിക്ടറി ഡേയിലേക്കാണ് മോഡിക്ക് ക്ഷണം ഉണ്ടായിരുന്നത്. ഇന്ത്യ‑പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്.

മോസ്‌കോയിലെ വിക്ടറി ഡേ ആഘോഷത്തില്‍ നരേന്ദ്രമോഡി പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ വക്താവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിന്റെ കാരണം റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കം നിരവധി ലോകനേതാക്കള്‍ വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റേതെങ്കിലും കേന്ദ്രമന്ത്രി വിക്ടറി ഡേയില്‍ പങ്കെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുത്തേക്കുമെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തതയും നല്‍കിയിട്ടില്ല.

Exit mobile version