ഗവർണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റിൽ സ്വകാര്യ ബിൽ. സിപിഐ(എം)ലെ വി ശിവദാസനാണ് വെള്ളിയാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കുക. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഗവർണർമാരെയും തെരഞ്ഞെടുക്കണം. ഗവർണറുടെ കാലാവധി അഞ്ച് വർഷത്തിൽ കൂടുതൽ കാലാവധി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താന്‍ ഇടതുപക്ഷ പാർടികൾ തീരുമാനിച്ചിട്ടുണ്ട്. ഗവർണർമാരുടെ ഇടപെടലുകൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന് ശീതകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഇടത് എംപിമാരായ പി ആർ നടരാജനും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫെഡറൽ തത്വങ്ങളുടെ ലംഘനം, ജുഡീഷ്യറിക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളിലും സിപിഐ(എം) ചർച്ച ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. 29 വരെയാണ് സമ്മേളനം. രണ്ടു ധനബില്ലടക്കം 25 ബിൽ പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, ഊർജ സംരക്ഷണ ഭേദഗതി ബിൽ, ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ നിയന്ത്രിച്ചുള്ള ബിൽ, വനസംരക്ഷണ ഭേദഗതി ബിൽ എന്നിവ അതില്‍ ഉൾപ്പെടും.
English Sammury: a Private Bill in parliament-winter-session on appointment of Governor issue