Site iconSite icon Janayugom Online

വില്പന തുടരും; സ്വകാര്യവല്‍ക്കരണം തന്നെ കേന്ദ്ര ബജറ്റിന്റെ മുഖ്യ അജണ്ട

സ്വകാര്യവല്‍ക്കരണം തന്നെ ഇത്തവണയും കേന്ദ്ര ബജറ്റിനെ നയിക്കുമെന്ന് സൂചന. അടുത്ത സാമ്പത്തിക വർഷത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കൂടുതല്‍ സ്വകാര്യവൽക്കരണവുമായി ധനമന്ത്രാലയം മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. നികുതി ഇളവുകളും റെഗുലേറ്ററി ഇളവുകളും നൽകി വില്പനയിലേക്ക് സ്വകാര്യമേഖലയെ കൂടുതൽ ആകര്‍ഷിക്കാനും ശ്രമം നടത്തിയേക്കും.
നടപ്പു സാമ്പത്തിക വർഷം ഓഹരി വിറ്റഴിച്ച് 65,000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റിൽ തീരുമാനിച്ചിരുന്നത്. ഇതുവരെ 31,106 കോടി രൂപ മാത്രമാണ് നേടിയത്. 2021 ൽ എയർ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിൽ വിജയിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. നിക്ഷേപകരുടെ താല്പര്യക്കുറവ് കാരണം ബിപിസിഎൽ ഉൾപ്പെടെയുള്ള കമ്പനികളുടെ വില്പന നിർത്തിവച്ചിരുന്നു.

ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻഎംഡിസി സ്റ്റീൽ ലിമിറ്റഡ്, ബിഇഎംഎൽ, എച്ച്എൽഎൽ ലൈഫ്കെയർ, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ, വിസാഗ് സ്റ്റീൽ തുടങ്ങിയ കമ്പനികളുടെയും ഐഡിബിഐ ബാങ്കിന്റെയും സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോകാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അതേസമയം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സ്വകാര്യവല്‍ക്കരണ നടപടികള്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന അഭിപ്രായവും ബിജെപി നേതൃത്വത്തിനുണ്ട്.

അധികാരമൊഴിയുന്ന സര്‍ക്കാര്‍ സാധാരണ നിലയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്ന പതിവില്ലാത്തതിനാല്‍ മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാകും ഈ വര്‍ഷം അവതരിപ്പിക്കുക. ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നേരത്തെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

തൊഴിലില്ലായ്മ, വിലക്കയറ്റം പ്രതിസന്ധി

2023–24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് തൊഴില്‍, വിലക്കയറ്റം, കൂലി, വേതന വര്‍ധന എന്നിവയ്ക്കെന്ന് സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ 41 മാസങ്ങളിലായി തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിന് മുകളിലാണ്. ഇതില്‍ ഭൂരിഭാഗം മാസങ്ങളിലും ഏഴ് ശതമാനത്തിന് മുകളിലായിരുന്നുവെന്ന് സിഎംഐഇയുടെ സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായിരുന്നു. ഇത് മഹാമാരിക്ക് മുമ്പുള്ള 2020 ജനുവരിയിലെ 7.2 ശതമാനത്തേക്കാൾ കൂടുതലാണ്.

ഇതേ രണ്ടുവര്‍ഷത്തെ കാലയളവില്‍ തൊഴില്‍ ശക്തി 41.1 കോടിയില്‍ നിന്ന് 41 കോടിയായി ചുരുങ്ങി. തൊഴില്‍ പങ്കാളിത്ത നിരക്ക് 42.9ല്‍ നിന്നും 40.5 ശതമാനമായും കുറഞ്ഞു. തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും അതിജീവനത്തിനു വേണ്ടി മാത്രം തുച്ഛമായ വേതനമാണ് പലര്‍ക്കും ലഭിക്കുന്നതെന്നതും പ്രതിസന്ധിയാണ്. ഭക്ഷ്യ എണ്ണ, ഇന്ധനം, ഗോതമ്പ്, ആട്ട തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പാദനം, നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിലൂടെ പൊതു ചെലവ് വർധിപ്പിക്കുന്നതില്‍ ബജറ്റ് ഊന്നല്‍ നല്‍കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Eng­lish Summary:Privatization is the main agen­da of the Union Budget
You may like this video also

Exit mobile version