Site icon Janayugom Online

റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരണം, വന്‍ കച്ചവടം

യില്‍വേയുടെ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് ചുളുവിലയ്ക്ക് നല്കാന്‍ പോകുന്നുവെന്ന് വളരെ നേരത്തെതന്നെ കേട്ടുകൊണ്ടിരുന്നതാണ്. ഒടുവില്‍ അക്കാര്യത്തിലും കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമുണ്ടായിരിക്കുന്നു. തീവണ്ടിപ്പാതകള്‍, റയില്‍വേ സ്റ്റേഷനുകള്‍, കോളനികള്‍ എന്നിവയ്ക്കൊപ്പം തരിശായി കിടക്കുന്നതുള്‍പ്പെടെ 4.81 ലക്ഷം ഹെക്ടര്‍ ഭൂമി സ്വന്തമായുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റയില്‍വേ. ഈ ഭൂമിയില്‍ 3.67 ലക്ഷം ഹെക്ടറില്‍ തീവണ്ടിപ്പാത, സ്റ്റേഷനുകള്‍, റയില്‍വേ കോളനികള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അവശേഷിക്കുന്നതില്‍ അരലക്ഷത്തിലധികം ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നു. ഒരു ലക്ഷത്തോളം തീവണ്ടി സര്‍വീസ് നടത്തുന്നതിനായി 75 ശതമാനം വൈദ്യുതീകരിച്ചതുള്‍പ്പെടെ 68,000 കിലോമീറ്ററിലധികം പാതയുള്ള യാത്രാസംവിധാനം എന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും ശക്തവും വിപുലവുമായ ചരക്കു ഗതാഗത സംവിധാനവുമാണ് റയില്‍വേ. 2020 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 808.6 കോടി യാത്രക്കാരും 121.23 കോടി ടണ്‍ ചരക്കുകളുമാണ് റയില്‍വേയിലൂടെ സഞ്ചരിച്ചത്. ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ റയില്‍വേ.


ഇതുകൂയി വായിക്കൂ: രാജ്യനിര്‍മ്മാണത്തിനു പകരം സ്വകാര്യവല്‍ക്കരണം


വിപണി വിലയുടെ ഒന്നര ശതമാനം തുക വാര്‍ഷിക പാട്ടമായി നിശ്ചയിച്ച് സ്വകാര്യസംരംഭകര്‍ക്ക് ഭൂമി നല്കുന്നതിനാണ് തീരുമാനം. നിലവില്‍ ഒരു ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ സ്വകാര്യസംരംഭകര്‍ക്ക് പാട്ടത്തിന് നല്കുന്ന രീതിയുണ്ടായിരുന്നു. അത് അഞ്ച് വര്‍ഷത്തേക്കായിരുന്നു. ഇപ്പോള്‍ 35 വര്‍ഷമായി ഉയര്‍ത്തിയിരിക്കുന്നു. ഫലത്തില്‍ റയില്‍വേ ഭൂമി അനിശ്ചിത കാലത്തേക്ക് സ്വകാര്യ സംരംഭകര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ സംജാതമാകുന്നത്. ചരക്കുനീക്കത്തിനും കാര്‍ഗോ സേവനത്തിനുമായി 1988ല്‍ കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) എന്ന പേരില്‍ സ്വന്തമായി ഉണ്ടാക്കിയ കമ്പനിയുടേതിന് സമാനമായ സ്വകാര്യ സംരംഭങ്ങള്‍ക്കാണ് ഇന്ത്യന്‍ റയില്‍വേയുടെ ഭൂമി തുച്ഛമായ നിരക്കില്‍ നല്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. കോണ്‍കോറിന് നിലവിലുള്ള നിരക്കിലാണ് ഭൂമി നല്കിയിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ നിരക്കിളവ് കോണ്‍കോറിന് ബാധകമാകുമോയെന്ന് വ്യക്തമായിട്ടില്ലെങ്കിലും സ്വകാര്യ സംരംഭകരുമായുള്ള മത്സരത്തില്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാവിയെന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ഇതുകൂയി വായിക്കൂ: സമ്പൂര്‍ണ്ണം സ്വകാര്യവല്‍ക്കരണം


അടുത്ത മൂന്നുമാസംകൊണ്ടുമാത്രമേ അന്തിമ രൂപമാകൂ എന്നാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം വന്നതിനുശേഷം റയില്‍വേ മന്ത്രാലയം പറഞ്ഞിരിക്കുന്നത്. എന്നാല്‍ നേരത്തേതന്നെ റയില്‍വേ ഭൂമി സ്വകാര്യവല്ക്കരിച്ച് ധനസമ്പാദനം വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചതായി വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയെ അറിയിച്ചിരുന്നതാണ്. റയില്‍വേയുടെ കൈവശത്തിലുള്ള 87 പ്ലോട്ടുകള്‍, 84 റയില്‍വേ കോളനികള്‍, നാലു മലയോര സ്റ്റേഷനുകള്‍, മൂന്ന് സ്റ്റേഡിയങ്ങള്‍ എന്നിവ ഇതിനായി കണ്ടെത്തിയെന്നും മന്ത്രിയുടെ മറുപടിയിലുണ്ടായിരുന്നു. പല പേരുകളില്‍ റയില്‍വേ സ്വകാര്യവല്ക്കരണം ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ടിക്കറ്റ് വില്പന, ഭക്ഷണ വിതരണം ഉള്‍പ്പെടെ നടത്തുന്നതിന് സ്വകാര്യ സംരംഭകരെ ഏല്പിച്ചിരുന്നു. അതിനു പുറമേ ഐആര്‍സിടിസിയെന്ന പേരില്‍ കമ്പനിയും ആരംഭിച്ചു. ചില പ്രത്യേക പാതകളിലൂടെ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കുകയും അത് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് റയില്‍വേ ഭൂമി കച്ചവടത്തിനു നല്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.


ഇതുകൂയി വായിക്കൂ: ഐഎന്‍എസ് വിക്രാന്ത്; അഭിമാനകരമായ നേട്ടം


ചരക്കു നീക്കത്തിനായി അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 300 കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കുക, അതിലൂടെ ചരക്കു നീക്കം സുഗമവും ചെലവു കുറഞ്ഞതുമാക്കുക എന്നതാണ് വില്പന ലക്ഷ്യമായി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അതിന് റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള കോണ്‍കോര്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഉപയോഗിക്കാമെന്നിരിക്കേയാണ് ചരക്കുനീക്കം വിപുലമാക്കുന്നതിനാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കൂടാതെ ചരക്കു ഗതാഗതത്തിനു മാത്രമായി 8500 ഓളം തീവണ്ടികള്‍ റയില്‍വേയുടേതായി ഓടുന്നുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഭൂമിയുടെ സ്വകാര്യവല്ക്കരണമാണ് എളുപ്പവഴിയെന്ന് കണ്ടെത്തുന്നതിലെ ലാഭേച്ഛയും നിക്ഷിപ്ത താല്പര്യങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് കരുതാവുന്നതാണ്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകളെ കുറിച്ച് നിരവധി സംശയങ്ങളുമുയരുന്നുണ്ട്. റയില്‍വേയുടെ കീഴിലുള്ള പൊതുമേഖലാ സംരംഭത്തിന് നിശ്ചയിച്ചതിനെക്കാള്‍ കുറഞ്ഞ പാട്ടത്തുക എന്തിന്, ഓരോവര്‍ഷവും പാട്ടത്തുക പുതുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന വിപണി വിലയാണോ പരിഗണിക്കുക, സ്വകാര്യ കമ്പനികള്‍ക്ക് ഏറ്റെടുക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുമോ തുടങ്ങിയവയാണ് ഉയരുന്ന ചോദ്യങ്ങള്‍. രാജ്യത്തെ വിമാനത്താവളങ്ങള്‍ പാട്ടത്തിന് വച്ചപ്പോള്‍ ഗുണഭോക്താവായത് മോഡിയുടെ ഏറ്റവും അടുപ്പമുള്ള അഡാനിയും കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുന്നോട്ട് വച്ച ഉപാധികള്‍ സഹായകമായത് അംബാനിക്കുമായിരുന്നുവെന്നത് നാമോര്‍ക്കണം. അതുപോലെ നേരത്തേതന്നെ കണ്ടുവച്ച കുത്തകകള്‍ക്കുവേണ്ടിയുള്ള തീരുമാനമാണിതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. വന്‍കിട — ചെറുകിട നഗരങ്ങളെന്നു വ്യത്യാസമില്ലാതെ കണ്ണായ സ്ഥലങ്ങളിലാണ് ഭൂമിയെന്നതിനാല്‍ ലേലത്തിലൂടെ ഭൂമി നല്കുന്നതിനുപകരം നാമമാത്ര പാട്ടത്തുക നിശ്ചയിച്ചതും സര്‍ക്കാരിന്റെ ദുരുദ്ദേശ്യത്തെയാണ് വെളിപ്പെടുത്തുന്നത്.

Exit mobile version