Site iconSite icon Janayugom Online

പ്രിയംവദ കൊലക്കേസ്; പ്രതി വിനോദിന്റെ സഹോദരൻ അറസ്റ്റിൽ

നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതിയായ വിനോദിന്റെ സഹോദരൻ അറസ്റ്റിൽ. വിനോദിന്‍റെ സഹോദരൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്. മൃതദേഹം കുഴിച്ചിടാൻ വിനോദിനെ സന്തോഷ് സഹായിച്ചിരുന്നുവെന്ന് വെള്ളറട ഇന്‍സ്പെക്ടടര്‍ വി വിനോദ് പറഞ്ഞു. മൃതദേഹം കുഴിച്ചിടുമ്പോൾ സന്തോഷും വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സൂക്ഷിച്ച മുറി വൃത്തിയാക്കാൻ സന്തോഷ് സഹായിച്ചിരുന്നു. എന്നാൽ, കൊലപാതകം അറിഞ്ഞില്ലെന്നാണ് സന്തോഷിന്‍റെ മൊഴി. കേസിൽ പ്രതികളായ വിനോദിനെയും സന്തോഷിനെയും ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

മൃതദേഹം കുഴിച്ചിടാൻ പ്രതിയായ വിനോദ് സഹോദരൻ സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ വി വിനോദ് പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞിട്ടും സന്തോഷ്‌ പൊലീസിനെ അറിയിച്ചില്ല. മൃതദേഹം കിടന്ന മുറി വൃത്തിയാക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു. ഇതിനാലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം കൊലക്ക് കാരണം സാമ്പത്തിക തർക്കം തന്നെയാണ്. പ്രിയംവദക്ക് വിനോദ് പണം നൽകിയിരുന്നു. ഇത് തിരിച്ചു നൽകാൻ പ്രിയംവദക്ക് കഴിഞ്ഞിരുന്നില്ല. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Exit mobile version