വെള്ളറടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പ്രതികാരത്തിലാണെന്ന് അറസ്റ്റിലായ വിനോദ് മൊഴി നൽകി. പ്രിയംവദയുടെ അയൽവാസിയാണ് അറസ്റ്റിലായ വിനോദ്. ഇരുവരും അടുപ്പത്തിലായിരുന്നു. കൊലപാതകത്തിൽ നിർണായക വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിൻ്റെ വെളിപ്പെടുത്തലാണ്. ഇന്ന് രാവിലെ ഒരു വൈദികനോടാണ് വിനോദിൻ്റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്.
ബന്ധത്തിൽ നിന്ന് പ്രിയംവദ പിന്മാറിയതിനെത്തുടർന്ന് വിനോദ് അവരെ മർദ്ദിച്ചു. ബോധരഹിതയായ പ്രിയംവദയെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും വിനോദ് വെളിപ്പെടുത്തി. മൃതദേഹം രണ്ടു ദിവസം വിനോദിന്റെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു. ഭാര്യാമാതാവും മകളും മൃതദേഹം കണ്ടതോടെ, അത് കുഴിച്ചിടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ സന്തോഷിന് പങ്കില്ലെന്നും പ്രതി വിനോദ് മൊഴി നൽകിയിട്ടുണ്ട്. പ്രിയംവദയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ വിനോദും ഒപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്.

