Site iconSite icon Janayugom Online

ആന്റോആന്റണിയുടെ തട്ടകത്തിലും സുധാകര അനുകൂല പോസ്റ്ററുകള്‍

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റാനുള്ള എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. സുധാകരനെ മാറ്റി തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് രാഷട്രീയത്തില്‍ ഒരു തരത്തിലും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത പത്തനംതിട്ട എംപി കൂടിയായ ആന്റോആന്റണിയെ പ്രസിഡന്റ്ക്കാനുള്ള കെ സി — വിഡി കൂട്ടുകെട്ടിനാണ് പാര്‍ട്ടിനേതാക്കളില്‍ നിന്നും, അണികളില്‍ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. 

പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് അപ്പുറത്തേക്ക് അറിയപ്പെടാത്ത ആന്റോയെ സമുദായ പേരു പറഞ്ഞ് ആക്കാനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. കെ സി വേണുഗോപാലിന് കേരള രാഷട്രീയത്തില്‍ പിടി മുറുക്കാനുള്ള ചാണക്യതന്ത്രം കൂടിയാണ് ഇതിനുപിന്നില്‍. എന്നാല്‍ ആന്റോയെ ഒരു കാരണവശാലും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അംഗീകരിക്കാത്ത അവസ്ഥയാണുള്ളത്. ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ഒരാളെ പ്രസി‍ഡന്റാക്കുന്നതാണ് നല്ലതെന്ന മുരളീധരിന്റെ പ്രഖ്യാപനവും ആന്റോയെ പ്രസിഡന്റാക്കാനുള്ള ശ്രമത്തിനുള്ള എതിരഭിപ്രായമാണ്. ഇതിനിടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന പൂഞ്ഞാറില്‍ സുധകരന് അനുകൂലമായി ഫ്ലെക്സുകള്‍ വ്യാപകമായിരിക്കുന്നു.

പൂഞ്ഞാര്‍ കോട്ടയം ജില്ലയിലാണ് .കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസി‍‍ന്റായും, യുഡിഎഫ് ജില്ലാ കണ്‍വീനറുമായി ആന്റോആന്റണി പ്രവര്‍ത്തിച്ചിരുന്നു. കോൺഗ്രസിനെ നയിക്കാൻ സുധാകരൻ തുടരട്ടെ എന്ന തരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ആൻ്റോ ആൻ്റണിയുടെ ജന്മനാടായ മുന്നിലവിലും ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.പദവിയില്‍ നിന്ന് മാറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ സുധാകരന്‍. അതേസമയം മുതിര്‍ന്ന നേതാക്കള്‍ പക്വത കാട്ടണമെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. തന്നെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റും മാറ്റുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കെ സുധാകരന്‍ വിശ്വസിക്കുന്നില്ല.

എഐസിസി നേതൃത്വം അങ്ങനെ ഒരു നിര്‍ദ്ദേശം തന്നെ അറയിച്ചില്ല. പിന്നെ എന്തിന് ആശങ്കപ്പെടണമെന്നതാണ് സുധാകരൻ്റെ നിലപാട്. കെസി — വിഡി അച്യുതണ്ടിന്റെ നിലപാടിനെതിരെ മുതിര്‍ന്ന നേതാക്കളും രംഗത്തു വന്നു. അവരുടെ പിന്തുണയും സുധാകരന് അനുകൂലമാണ്. സുധാകരന്‍ എകെ ആന്റണിയുടെ വസതിയില്‍ എത്തി ചര്‍ച്ച നടത്തി. 15 മിനിറ്റ് നേരം ഇരുവരും തമ്മില്‍ സംസാരിച്ചു. ആന്റണിയുടെ മനസും സുധാകരന് അനുകൂലമെന്നാണ് വിവരം. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തലയും ശശി തരൂരും സുധാകരന്‍ പദവിയില്‍ തുടരട്ടെ എന്ന നിലപാടുകാരാണ്. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ.മുരളീധരന്‍ സുധാകരനെ പരസ്യമായി പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍, പ്രിയങ്കാ ഗാന്ധികളുമായി കെ സി വേണുഗോപാലിനുള്ള ബന്ധം സുധാകരനെ മാറ്റുമോയെന്ന് ചിന്തുക്കുന്നവരും കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. 

Exit mobile version