Site iconSite icon Janayugom Online

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്‌: 13 വർഷത്തിന് ശേഷം ഒന്നാം പ്രതി പിടിയില്‍

മുവാറ്റുപുഴയില്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സവാദിനെ എന്‍ഐഎ പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ ബേരകത്തെ വാടകവീട്ടില്‍ ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായി കഴിയുകയായിരുന്നു. 

എട്ടുവര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാളെക്കുറിച്ച് അടുത്തിടെയാണ് സമീപവാസികളായ ചിലര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസിനു വിവരം കൈമാറുകയും എന്‍ഐഎ രണ്ടാഴ്ചയായി നിരീക്ഷിക്കുകയുമായിരുന്നു. ഇയാള്‍ സവാദ് തന്നെയെന്ന് ഉറപ്പുവരുത്തിയ എന്‍ഐഎ സംഘം ഇന്നലെ പുലര്‍ച്ചെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കനത്ത കാവലില്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച സവാദിനെ വൈകിട്ട് പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഈ മാസം 24 വരെ പ്രതിയെ റിമാന്റ് ചെയ്തു. 

2010 ജൂലയ് നാലിനാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന ടി ജെ ജോസഫ് രണ്ടാം സെമസ്റ്റര്‍ ബികോം പരീക്ഷയ്ക്കു തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മത നിന്ദയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. മുവാറ്റുപുഴയില്‍ അദ്ദേഹം താമസിക്കുന്ന വീടിനടുത്തു വച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘം പ്രൊഫസറുടെ കൈ വെട്ടിമാറ്റുകയായിരുന്നു.
സംഭവത്തിനുശേഷം മുങ്ങിയ സവാദിനെ 13 വര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് പിടികൂടിയത്. മറ്റ് പ്രതികളെ പലഘട്ടങ്ങളിലായി പിടികൂടി കുറ്റപത്രം നല്‍കുകയും കോടതി വിധി പ്രസ്താവം നടത്തുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി സജില്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കോടതി അഞ്ചു പേരെ വെറുതെ വിട്ടിരുന്നു. 

ചോദ്യപേപ്പര്‍ സംഭവം വിവാദമായതോടെ ഭയന്ന പ്രൊഫസര്‍ ഒളിവില്‍ പോയിരുന്നു. മതനിന്ദ ആരോപിച്ച് പൊലീസ് കേസെടുത്തതോടെ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം കീഴടങ്ങി. ജാമ്യത്തിലിറങ്ങിയ പ്രൊഫസറെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനമെടുക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് മടങ്ങിയ അദ്ദേഹത്തെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ഇടതു കൈപ്പത്തി പൂര്‍ണമായി അറുത്തെടുത്ത് അടുത്ത പറമ്പിലേക്കെറിഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം കൈപ്പത്തി തുന്നിച്ചേര്‍ക്കാനായെങ്കിലും സ്വാധീനം വീണ്ടുകിട്ടിയില്ല.

സംഭവത്തിനു ശേഷം പ്രൊഫസറെ കോളജ് പിരിച്ചു വിട്ടു. 2013ല്‍ അദ്ദേഹത്തെ തൊടുപുഴ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും യൂണിവേഴ്സിറ്റി ട്രിബ്യൂണല്‍ അനുകൂല ഉത്തരവ് ഇറക്കിയില്ല. സംഭവത്തോടെ വിഷാദ രോഗത്തിനടിപ്പെട്ട പ്രൊഫസറുടെ ഭാര്യ സലോമി ഇതിനിടെ ആത്മഹത്യ ചെയ്തു. ഒടുവില്‍ 2014 മാര്‍ച്ച് 27ന് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്ത് മാനേജ്മെന്റായ കോതമംഗലം രൂപത ഉത്തരവിട്ടു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു. 

Eng­lish Sum­ma­ry: Prof. TJ Joseph hand chop­ping case: 1st accused arrest­ed after 13 years
You may also like this video

Exit mobile version