രാജ്യത്ത് ഒരു വർഷത്തിലേറെയായി ഇന്ധന വിലയിൽ മാറ്റം വരുത്താതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികൾ നേടിയത് കോടികൾ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മാത്രം പൊതുമേഖലാ കമ്പനികൾ രേഖപ്പെടുത്തിയത് 52 മുതൽ 68 വരെ ശതമാനം ലാഭ വിഹിതമാണ്.
2022–23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും ഈ വർഷത്തിന്റെ ആദ്യപാദത്തിലുമായി വൻ ലാഭം കൊയ്ത പൊതുമേഖലാക്കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) 168 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസി) 59 ശതമാനവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ( ഐഒസി ) 52 ശതമാനവും വർധനവാണുണ്ടാക്കിയത്.
കഴിഞ്ഞ വർഷം മേയ് മുതൽ രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാലയളവിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന് വലിയ വിലക്കുറവാണുണ്ടായതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കിട്ടുന്നതിനെക്കാൾ വലിയ വിലക്കുറവിലാണ് ഇപ്പോൾ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത്. ഏറ്റവും മികച്ച റഷ്യൻ ക്രൂഡോയിലിന്റെ വില ബാരലിന് 60 ഡോളറാണ്. എന്നാൽ, വിലക്കുറവിലെ ഈ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കുന്നുമില്ല.
ഗൾഫ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് രാജ്യങ്ങളിൽ അസംസ്കൃത എണ്ണ വില ബാരലിന് ശരാശരി 86 ഡോളറിൽ നിൽക്കുമ്പോഴാണ് റഷ്യൻ ക്രൂഡോയിൽ 60 ഡോളറിന് ലഭിക്കുന്നത്. റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയും രാജ്യത്തെ ഇന്ധന വിലയും തമ്മിലുള്ള വലിയ അന്തരം ചൂണ്ടിക്കാട്ടി വിവിധ കേന്ദ്രങ്ങളിൽ നിന്ന് കടുത്ത വിമർശനമുയർന്നപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും കർശനമായ ഒരിടപെടലുമുണ്ടായില്ല. മുമ്പ് നഷ്ടമുണ്ടായിട്ടുണ്ടെന്നും അത് നികത്തുകയാണെന്നുമുള്ള കമ്പനികളുടെ ന്യായം സർക്കാർ അംഗീകരിക്കുകയായിരുന്നു .
അതേസമയം രാജ്യന്തര എണ്ണ വില ബാരലിന് 100 ഡോളറിനോടുത്ത് ഉയർന്ന സാഹചര്യത്തിൽപ്പോലും ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാൻ സർക്കാരും എണ്ണക്കമ്പനികളും ഒത്തുകളിച്ച് ഇന്ധനവില കൂട്ടാതിരുന്ന ചരിത്രം പലരും എടുത്തുകാട്ടുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ പാചക വാതക വില കുറച്ച് തന്ത്രം മെനഞ്ഞ കേന്ദ്രം, ഇന്ധന വിലയിലെ കുതിപ്പിനു നേരെ കണ്ണടയ്ക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. പൊതുമേഖലാ എണ്ണ‑വിപണന കമ്പനികൾക്ക് എൽപിജി സബ്സിഡി മൂലമുണ്ടായ നഷ്ടം നികത്താൻ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ കേന്ദ്രം നൽകുകയും ചെയ്തിരുന്നു.
English summary; Profits for oil companies