Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുക: സിപിഐ

പേരും ഘടനയും ഉള്ളടക്കവും മാറ്റിക്കൊണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊല ചെയ്യുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ബിജെപി സര്‍ക്കാരിന് രാജ്യത്തെ പട്ടിണിപ്പാവങ്ങളോടുള്ള സമീപനമാണ് ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നത്. ഒപ്പം രാഷ്ട്രപിതാവിനോടുള്ള അവരുടെ അടങ്ങാത്ത വെറുപ്പും. ഗാന്ധിജിയുടെ പേരിന് പകരം പദ്ധതിക്കായി അവര്‍ കണ്ടെത്തിയ പുതിയ പേരില്‍ ഗോഡ്‌സേയുടെ രാഷ്ട്രീയമാണോ എന്ന് ഏവരും സംശയിച്ചു പോകും.
2005 ല്‍ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പിലാക്കിയത്. ഇടതുപക്ഷം എക്കാലത്തും മുന്നോട്ട് വെച്ച നയത്തിന്റെ വിജയമായിരുന്നു അതിലൂടെ ഉണ്ടായത്. വിവരാവകാശ നിയമവും വനാവകാശ നിയമവും പോലുള്ള ചരിത്രപ്രധാനമായ നിയമങ്ങളും അക്കാലത്താണ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളത്. സാമ്പത്തിക പുരോഗതിയെ പറ്റിയുള്ള പൊള്ളയായ വാചാടോപങ്ങള്‍ക്കിടയിലും കടുത്ത ദാരിദ്ര്യം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് തൊഴിലുറപ്പ് പദ്ധതി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയത്.

ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ടും അപ്രായോഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും പദ്ധതിയെ ഇല്ലായ്മ ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകവിരുദ്ധ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച മാതൃകയിലുള്ള പ്രക്ഷോഭമുയര്‍ത്തി കൊണ്ടുവന്നു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുന്നതിന് എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിസംബര്‍ 17, 18 തീയതികളില്‍സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.

Exit mobile version