Site iconSite icon Janayugom Online

കുട്ടിയെ കരുവാക്കി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാര്‍ക്കെതിരെ കേസ്

മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ അഞ്ചു വയസുകാരനെ റോഡിൽ കിടത്തി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

സംഭവത്തിൽ എറണാകുളം ശിശുക്ഷേമ സമിതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ചു വയസുകാരനായ കുട്ടിയെ അർധ നഗ്നനാക്കി നിലത്തുകിടത്തി ശരീരത്തിൽ ചുള്ളിക്കമ്പ് വച്ചായിരുന്നു കോർപറേഷനെതിരെയുളള യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ശിശുക്ഷേമ സമിതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ നിയമങ്ങൾക്ക് വിരുദ്ധമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്നും സമിതി ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പനമ്പിള്ളി നഗറില്‍ മൂന്നുവയസുകാരന്‍ കാനയില്‍ വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞിരുന്നു. കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും. ഇത്തരം അപകടങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. 

അപകടമുണ്ടായ ഓടയുടെ ഭാഗത്ത് കമ്പിവേലി കെട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കകം ഓടകൾ അടയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കാനകൾക്കും ഓടകൾക്കും സ്ലാബിടുന്ന പ്രവൃത്തികൾക്കുളള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കുമെന്ന് കോർപറേഷൻ എൻജിനീയറിങ് വിഭാഗം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് രക്തത്തിൽ അണുബാധയുളളതിനാൽ ആശുപത്രിയിൽ തുടരുകയാണ്.

Eng­lish Sum­ma­ry: Protest by turn­ing the child into a cow; Case against Youth Congressmen

You may also like this video

Exit mobile version