Site icon Janayugom Online

താലിബാനെതിരെ പ്രതിഷേധം പടരുന്നു; വെടിവയ്പ്പില്‍ 12 മരണം, ജനങ്ങള്‍ തെരുവില്‍

അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ ജനകീയ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നു. അസാദബാദില്‍ അഫ്ഗാന്‍ പതാകയുമേന്തി ജനങ്ങള്‍ നടത്തിയ പ്രകടനത്തിനുനേരെയുണ്ടായ താലിബാന്‍ വെടിവയ്പില്‍ 12 പേര്‍ മരിച്ചു.  അഫ്ഗാനിസ്ഥാന്റെ 102-ാം സ്വാതന്ത്ര്യദിനമായ ഇന്നലെ അസാദാബാദില്‍ ആയിരക്കണക്കിനാളുകള്‍ ദേശീയപതാകയുമേന്തി പ്രകടനം നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. മരിച്ചവരില്‍ ഒരാള്‍ പതാകയേന്തിയ സ്ത്രീയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവരക്ഷാര്‍ത്ഥമുള്ള തിക്കിലും തിരക്കിലും പെട്ടും മരണം സംഭവിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

സൈനികനീക്കത്തിലൂടെ ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത താലിബാനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നതിന്റെ ആദ്യ സൂചനകളാണ് അസാദാബാദ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള ദേശീയ പതാകയുമായി പ്രതിഷേധക്കാര്‍ രാജ്യത്തെ പല നഗരങ്ങളിലും തെരുവിലിറങ്ങി. താലിബാന്റെ വെള്ളപതാകകള്‍ പ്രതിഷേധക്കാര്‍ നീക്കംചെയ്തു. ‘നമ്മുടെ പതാക, നമ്മുടെ വ്യക്തിത്വം’ എന്ന മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ പതാകകള്‍ വീശി പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തലസ്ഥാനനഗരമായ കാബൂളിലെ അബ്ദുള്‍ ഹഖ് ചത്വരത്തില്‍ താലിബാന്‍ പതാക താഴെയിറക്കി ദേശീയപതാക പുനഃസ്ഥാപിച്ചു. പലയിടങ്ങളിലും ആകാശത്തേക്ക് വെടിയുതിര്‍ത്ത് ജനങ്ങളെ ഭയപ്പെടുത്താന്‍ താലിബാന്‍ സൈനികര്‍ ശ്രമിച്ചത് പ്രതിഷേധം കൂടുതല്‍ ശക്തമാക്കി. താലിബാനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസം പടിഞ്ഞാറന്‍ നഗരമായ ജലാലാബാദില്‍ പ്രതിഷേധത്തിന് നേരെയുണ്ടായ താലിബാന്‍ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്ലാമിക് എമിറേറ്റ് ആയിരിക്കുമെന്ന് താലിബാന്‍ വക്താവ് ട്വിറ്ററിലൂടെ ഇന്നലെ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്നത് 400 പേര്‍; യുഎസ് സഹായം തേടി

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ യുഎസ് സഹായം തേടി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇനിയും കുടുങ്ങിക്കിടക്കുന്ന 1650 ലധികം പേര്‍ ഇന്ത്യയിലേക്ക് വരാനായി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ ചെക്ക് പോസ്റ്റുകളില്‍ തടയുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ താലിബാനുമായും ചർച്ച നടത്തിയിട്ടുണ്ട്.

Eng­lish sum­ma­ry: protest in Afghanistan against Tal­iban, 12 deaths
You may also like this video:

Exit mobile version