Site iconSite icon Janayugom Online

പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുന്നതുവരെ വസതികളില്‍ തുടരും: പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തി പ്രക്ഷോഭകര്‍

SrilankaSrilanka

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും സ്ഥാനമൊഴിയുന്നതുവരെ പിടിച്ചെടുത്ത വസതികളില്‍ തുടരുമെന്ന് പ്രക്ഷോഭകര്‍.
ഇരുവരുടേയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം കലുഷിതമാകുകയും ഔദ്യോഗിക വസതികള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതോടെ 13ന് രാജപക്‌സെ സ്ഥാനമൊഴിയുമെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ സൂചന നല്‍കി. സര്‍വകക്ഷി സര്‍ക്കാരിനായി സ്ഥാനമൊഴിയാന്‍ തയാറാണെന്ന് വിക്രമസിംഗെയും അറിയിച്ചു. രാജപക്‌സെ രാജ്യം വിട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാചകവാതകവിതരണം ഉറപ്പുവരുത്താനുള്ള നിര്‍ദേശവുമായി അജ്ഞാത കേന്ദ്രത്തില്‍നിന്ന് രാജപക്‌സെ വീണ്ടും രംഗത്തെത്തി.

പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും വസതികളിലേക്ക് ഇരച്ചുകയറിയത്. അടുക്കളയും കിടപ്പുമുറികളും വ്യായാമകേന്ദ്രങ്ങളും പ്രക്ഷോഭകര്‍ ഏറ്റെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പ്രതിഷേധക്കാര്‍ കോടിക്കണക്കിന് രൂപ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രക്ഷോഭകര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 1.78 കോടി ശ്രീലങ്കന്‍ രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. 

Eng­lish Sum­ma­ry: Crores of rupees were found in the offi­cial res­i­dence of the President

You may like this video also

Exit mobile version