പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനം ഇനിയും പിന്‍വലിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്നു ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കോര്‍കമ്മിറ്റി യോഗത്തിലേ തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഈ മാസം 29 മുതല്‍ സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 23 വരെ എല്ലാ ദിവസവും അഞ്ഞൂറ് കര്‍ഷകരെ പങ്കെടുപ്പിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇന്നലെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ കോര്‍കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ കര്‍ഷകര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇത് പാര്‍ലമെന്ററി നടപടി ക്രമങ്ങളിലൂടെ പ്രാവര്‍ത്തികമാക്കാനാണ് കര്‍ഷകര്‍ കാത്തിരിക്കുന്നത്. ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ബികെയു-ഉഗ്രഹാന്‍ നേതാവ് ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുംവരെ സമരവേദികളില്‍ കര്‍ഷക പ്രക്ഷോഭകര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം, കര്‍ഷക വിരുദ്ധമായ വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കല്‍, കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, പ്രക്ഷോഭകര്‍ക്ക് എതിരെ എടുത്ത കേസുകളില്‍നിന്നും മുക്തി, മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ഷകര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കല്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ അന്തിമ പരിഹാരം ഉണ്ടായിട്ടില്ല. ഈ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രപരമായ നിലപാടാകും ഇന്നത്തെ യോഗം തീരുമാനിക്കുക. കര്‍ഷക സംഘടനകള്‍ പ്രത്യേകം പ്രത്യേകം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കര്‍ഷകസമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബര്‍ 26ന് കര്‍ഷകരുടെ വന്‍ കൂട്ടായ്മയാകും ഡല്‍ഹി അതിര്‍ത്തികളില്‍ ഉണ്ടാകുകയെന്ന് കര്‍ഷക നേതാവ് സുധേഷ് ഗോയത്തും വ്യക്തമാക്കി. അതേസമയം കര്‍ഷക സമരത്തിനിടെ മരണമടഞ്ഞ 750 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും മൂന്നുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു.
english summary: Protesters will continue to protest
you may also like this video;