സാമ്പത്തിക പ്രതിസന്ധിക്കെതിരെ ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിടാന്‍ തയാറെടുക്കുന്നതായി സൂചന. രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് കൊളംബോയിലെ രഹസ്യ നാവികകേന്ദ്രത്തിലേക്ക് ഗോതബയയെ മാറ്റിയിരുന്നു. രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പാചകവാതക വിതരണത്തിന് പ്രസിഡന്റ് ഉത്തരവിട്ടതോടെ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കാതെ വസതി വിട്ടൊഴിയില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.
രാജ്യത്തെ പ്രധാന വിമാനത്താവളമായ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള കട്ടുനായകയിലേക്ക് പ്രസിഡന്റിനെ എത്തിച്ചുവെന്നും ദുബായിലേക്ക് പറക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ പ്രസിഡന്റിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് പ്രക്ഷോഭകര്‍ കണ്ടെത്തിയ 1.78 കോടി ശ്രീലങ്കന്‍ രൂപ കോടതിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ഔദ്യോഗിക രേഖകള്‍ നിറച്ച പെട്ടിയും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റ് 15ന് വീണ്ടും സമ്മേളിക്കുമെന്നും 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചു. ഇതിനിടെ ഇടക്കാല പ്രസിഡന്റായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗയ (എസ്ജെബി) നേതാവ് സജിത് പ്രേമദാസ എത്താന്‍ സാധ്യതയേറി. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 55കാരനായ സജിത് പ്രേമദാസ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 1993ല്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത് പ്രേമദാസ.
മുന്‍ മന്ത്രിയും രാജപക്സെയുടെ അനുഭാവിയുമായിരുന്ന 63കാരന്‍ ഡല്ലാസ് അലഹപ്പെരുമയെയാണ് പുതിയ പ്രധാനമന്ത്രിയാക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരാര്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സര്‍ക്കാര്‍ രാജിവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രക്ഷോഭകര്‍ പിടിച്ചെടുത്ത പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും ഔദ്യോഗിക വസതിയിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെയും ഒഴുകിയെത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും നേരിട്ടുള്ള വെടിവയ്പുണ്ടായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
English Summary: protests continue in Sri Lanka: Gotabaya may leave the country
You may like this video also