രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനേട്ട സർവേയിൽ (നാസ്) അഭിമാന നേട്ടവുമായി കേരളം. ദേശീയ തലത്തില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2024ലെ നാസ് റിപ്പോർട്ട് അനുസരിച്ച് 65.33 പോയിന്റോടെ രാജ്യത്ത് രണ്ടാമതാണ് കേരളം. ഇതിനു മുമ്പ് 2021 ല്‍ നടന്ന സര്‍വേയെക്കാളും വലിയ മുന്നേറ്റമാണ് കേരളം നടത്തിയത്. 68 പോയിന്റുമായി പഞ്ചാബാണ് ഒന്നാമത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അർഹതപ്പെട്ട 1,500 കോടിയിലധികം രൂപ കേന്ദ്രം കുടിശിക വരുത്തിയപ്പോഴും കോടിക്കണക്കിന് രൂപ സാമ്പത്തിക സഹായം ലഭിച്ച സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം രാജ്യത്ത് മുന്നിലെത്തി. 2024ൽ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സര്‍വേ നടത്തിയത്.
ആറാം ക്ലാസിലെ പഠന നിലവാരത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ഒമ്പതാം ക്ലാസിൽ രണ്ടാമതും മൂന്നാം ക്ലാസിൽ മൂന്നാമതുമാണ്. 2021 ൽ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലായിരുന്നു സര്‍വേ. സംസ്ഥാനത്തെ 1,644 സ്കൂളുകളിൽ നിന്നായി 46,737 വിദ്യാർത്ഥികൾ സർവേയിൽ പങ്കെടുത്തു. ദേശീയ തലത്തില്‍ 74,000 സ്കൂളുകളിലായി 21,15,000 കുട്ടികള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ദേശീയ പഠനനേട്ട സര്‍വേ ഫലങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ പരിശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ദേശീയ പഠനനേട്ട സര്‍വേ വ്യക്തമാക്കുന്നു. മികച്ച പ്രകടനം, സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തെയും നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ വിജയത്തെയും അടിവരയിടുന്നു. ഭൗതിക സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്തും വന്ന മാറ്റങ്ങള്‍ സര്‍വേയിൽ പ്രതിഫലിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഘടനാപരമായി മുന്നോട്ടുപോകുന്നതുകൊണ്ടാണ് ഈ നേട്ടം കേരളത്തിന് കൈവരിക്കാനായതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തുക എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
* 2024 നാസ് സർവേയിൽ കേരളത്തിന്റെ പ്രകടനം
1. മൂന്നാം ക്ലാസ്
വിഷയം, സംസ്ഥാന ശരാശരി, ദേശീയ ശരാശരി
ഭാഷ 75 64
കണക്ക് 70 60
2. ആറാം ക്ലാസ്
വിഷയം, സംസ്ഥാന ശരാശരി, ദേശീയ ശരാശരി
ഭാഷ 76 57
കണക്ക് 60 46
ശാസ്‌ത്രം 66 49
3. ഒമ്പതാം ക്ലാസ്
വിഷയം, സംസ്ഥാന ശരാശരി, ദേശീയ ശരാശരി
ഭാഷ 74 54
കണക്ക് 45 37
ശാസ്‌ത്രം 53 40
സാമൂഹ്യ ശാസ്‌ത്രം 51 40

