Site iconSite icon Janayugom Online

പി എസ് സുപാല്‍ കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐ ജില്ലാ സെക്രട്ടറിയായി പി എസ് സുപാല്‍ എംഎല്‍എയെ വീണ്ടും തെര‍ഞ്ഞെടുത്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എഐഎസ്എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. മുന്‍ എംഎല്‍എയും കിസാന്‍സഭ നേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളുമായ പി കെ ശ്രീനിവാസന്റെയും ജി സരളമ്മയുടെയും മകനാണ്. മൂന്നാം തവണയാണ് എംഎല്‍എ ആയത്. 96ലും 2001ലുമായിരുന്നു നേരത്തെ നിയമസഭയിലെത്തിയത്. നിയമ ബിരുദധാരിയാണ്. കിസാന്‍സഭ ജില്ലാ പ്രസിഡന്റ്, പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ട്രേഡ്‌ യൂണിയനുകളുടെ അമരക്കാരനുമാണ്. പി എന്‍ റീനയാണ് ഭാര്യ. മക്കള്‍: ദേവി നിലീന, ദേവി നിരഞ്ജന.

ആറ് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും 88 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി വസന്തം, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരന്‍, ആര്‍ രാജേന്ദ്രന്‍, കെ ആര്‍ ചന്ദ്രമോഹനന്‍, ദേശീയ കൗണ്‍സില്‍ അംഗം ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ചര്‍ച്ചകള്‍ക്ക് പി എസ് സുപാല്‍ മറുപടി പറഞ്ഞു. പി എസ് നിധീഷ് ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അഡ്വ. എസ് വേണുഗോപാല്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. പ്രസീഡിയത്തിനുവേണ്ടി എ മന്മഥന്‍നായരും സംഘാടക സമിതിക്കുവേണ്ടി കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ രാജീവും നന്ദി പറഞ്ഞു. സാനു മാഷിന്റെ നിര്യാണത്തില്‍ സമ്മേളനം അനുശോചിച്ചു. 

Exit mobile version