ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 10.17ന് പിഎസ്എല്‍വി-സി 62 കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. പിഎസ്എല്‍വിയുടെ 64-ാം വിക്ഷേപണമാണിത്.
2025 മേയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2026ന്റ തുടക്കത്തില്‍ തന്നെ പുതിയ ദൗത്യം നടത്തി പിഎസ്എല്‍വിയെ വിജയവഴിയില്‍ തിരികെയെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. രണ്ട് സ്ട്രാപ്പ്-ഓണ്‍ ബൂസ്റ്ററുകളുള്ള പിഎസ്എല്‍വി ഡിഎല്‍ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ വിക്ഷേപണവുമായിരിക്കുമിത്. കഴിഞ്ഞ വര്‍ഷം പിഎസ്എല്‍വി സി 61 വിക്ഷേപണത്തില്‍ നേരിട്ട പരാജയത്തിന് ശേഷമുള്ള പിഎസ്എല്‍വി(പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍)യുടെ ആദ്യ വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ എസ്‌ഡിഎസ്‌സി ഷാറിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് പൊതുജനങ്ങൾക്ക് lvg.shar.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്തുകൊണ്ട് വിക്ഷേപണം കാണാം.

