രാജ്യത്തെ ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഓരോ വർഷവും വര്‍ധിപ്പിക്കുമ്പോഴും പൊതുജനാരോഗ്യ സംവിധാനം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മികച്ച ചികിത്സ തേടി ഭൂരിഭാഗം ജനങ്ങളും സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണ്.
2026–27 സാമ്പത്തിക വർഷത്തേക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ 1.06 ലക്ഷം കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ വിഹിതം കൃത്യമായി വിനിയോഗിക്കുന്നതിലോ ഗുണനിലവാരം ഉറപ്പാക്കുന്നതിലോ സർക്കാർ പരാജയപ്പെടുന്നതാണ് തിരിച്ചടിയാകുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 1,83,833 ആരോഗ്യ കേന്ദ്രങ്ങൾ നവീകരിച്ചിട്ടും 50 ശതമാനത്തോളം ഇന്ത്യക്കാർ ഇപ്പോഴും സർക്കാർ ആശുപത്രികളെ ഒഴിവാക്കുകയാണ്. മോശം സേവനം, ഡോക്ടർമാരുടെ കുറവ്, ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് എന്നിവയാണ് ജനങ്ങളെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് അകറ്റുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് 39,390 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അനുവദിച്ച തുക പൂർണ്ണമായി വിനിയോഗിക്കാൻ സാധിക്കുന്നില്ല. 2022–23 കാലയളവിൽ അനുവദിച്ച ഫണ്ടിന്റെ 65 % മാത്രമാണ് ചെലവഴിച്ചത്. 2024–25 കാലയളവിൽ ഫണ്ട് വിനിയോഗം 62 ശതമാനമായി വീണ്ടും കുറഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അനുവദിച്ച തുകയുടെ പകുതി പോലും വിനിയോഗിച്ചിട്ടില്ലെന്ന് ‘ഫൗണ്ടേഷൻ ഫോർ റെസ്പോൺസീവ് ഗവേണൻസ്’ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഉപരി മനുഷ്യവിഭവശേഷിയുടെ അഭാവമാണ് ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണത്തിൽ 80 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്ക്. അതായത്, ആവശ്യമുള്ള അഞ്ച് വിദഗ്ധ ഡോക്ടർമാരിൽ ഒരാൾ മാത്രമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. റേഡിയോഗ്രാഫർമാരുടെ കുറവ് 2005‑ൽ 35 ശതമാനമായിരുന്നത് 2023‑ൽ 58 ശതമാനമായി ഉയർന്നു.
പണം വര്‍ധിപ്പിക്കുന്നത് മാത്രം പരിഹാരമല്ലെന്നും ആരോഗ്യ സംവിധാനത്തിന്റെ ഘടനാപരമായ മാറ്റമാണ് വേണ്ടതെന്നും ബനിയൻ അക്കാദമി ഓഫ് ലീഡർഷിപ്പ് ഇൻ മെന്റൽ ഹെൽത്തിലെ നചികേത് മോർ ചൂണ്ടിക്കാട്ടി. പ്രഖ്യാപിക്കുന്ന തുക രോഗിയിലേക്ക് എത്തുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് ജൻ സ്വാസ്ഥ്യ അഭിയാൻ ദേശീയ കൺവീനർ അമൂല്യ നിധിയും അഭിപ്രായപ്പെട്ടു. വർഷാവർഷം ബജറ്റ് തുക ഉയർത്തുന്നതിനൊപ്പം തന്നെ, അത് കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്നും മതിയായ ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

