തിരുവനന്തപുരത്ത് സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിർമ്മിക്കും. തൈക്കാട് റസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകളുടെ വിശ്രമ മന്ദിരം. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസ് ആക്കുന്നതിന്റെ ഭാഗമായി വനിതാ റസ്റ്റ് ഹൗസുകൾ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന വനിതകൾക്ക് ഗുണകരമായി ഈ റസ്റ്റ് ഹൗസ് മാറും. 2025ൽ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം മൂന്ന് പാലങ്ങൾക്കും പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. പേരാമ്പ്ര മണ്ഡലത്തിലെ പാറക്കടവ് പാലം, ചേലക്കര-വടക്കാഞ്ചേരി മണ്ഡലങ്ങളിലെ അകമല പാലം, പെരുമ്പാവൂർ മണ്ഡലത്തിലെ തായിക്കരചിറ ഇരട്ടപാലം എന്നിവയ്ക്കാണ് അനുമതി നൽകിയത്. പാറക്കടവ് പാലത്തിന് 3.59 കോടി രൂപയും അകമല പാലത്തിന് 2.80 കോടി രൂപയും തായിക്കരചിറ ഇരട്ടപാലത്തിന് രണ്ട് കോടി രൂപയും ആണ് അനുവദിച്ചത്.
നവകേരളത്തിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ സമ്മാനമാണ് വനിതാ റസ്റ്റ് ഹൗസ് നിർമ്മാണ അനുമതിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതൽ ജില്ലാ കേന്ദ്രങ്ങളിൽ വനിതാ റസ്റ്റ് ഹൗസുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം. റസ്റ്റ് ഹൗസുകൾ നവീകരിക്കുന്ന പ്രവൃത്തി കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു.
English Summary;Public works department women’s rest houses are becoming a reality
You may also like this video