Site iconSite icon Janayugom Online

പുനലൂരിലെ ഇരട്ടകൊ ലപാതകം; പ്രതി ശങ്കരൻ കുറ്റക്കാരൻ, ശിക്ഷാവിധി 28ന്

പുനലൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് പിന്നിൽ വെട്ടിപ്പുഴ പാലത്തിന് താഴെ തോട് പുറമ്പോക്കിലെ കുടിലിൽ താമസിച്ചിരുന്ന സ്ത്രീയും പുരുഷനും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കറിനെ (38) കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ പി എൻ വിനോദ്‌ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി, ശിക്ഷ 28–7‑2025‑ൽ പ്രഖ്യാപിക്കും. വെട്ടിപ്പുഴ തോട് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇന്ദിര (56) ഒപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി മൊഴയൻ ബാബു (60) എന്നിവരാണ് കൊല്ലപ്പെട്ടത്. 2023 ഏപ്രിൽ മാസം 18‑ന് രാത്രി 11‑ന് ശേഷമായിരുന്നു കൊലപാതകം. തെങ്കാശി സ്വദേശിയായ ശങ്കർ വർഷങ്ങളായി പുനലൂരിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിന് രണ്ടുവർഷം മുൻപ് 2021‑ൽ പൂയപ്പള്ളി മരുതമൺപള്ളി സ്വദേശിനിയായ ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവുകാരനായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി കൊലപാതക ദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു.

18–4‑2023 രാത്രിയോടെ മുൻപരിചയമുള്ള ഇന്ദിരയുടെ കുടിലിലേക്ക് എത്തിയ പ്രതി, കുടിലിലുണ്ടായിരുന്ന ബിജുകുമാറിനെ കൊണ്ട് മദ്യം വാങ്ങിപ്പിക്കുകയും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്‌തു. മദ്യപാനത്തിനിടെ പ്രതി ഇന്ദിരയെ കടന്നു പിടിക്കുകയും, ചോദ്യം ചെയ്‌ത ബിജു കുമാറിനെ കടന്നാക്രമിക്കുകയും ചെയ്‌തു. പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതെയിരുന്ന ഇന്ദിരയെ മർദ്ദിച്ച് അവശയാക്കിയ ശേഷം കുടിലിൽ ഉണ്ടായിരുന്ന അമ്മിക്കല്ല് രണ്ടു തവണ ഇന്ദിരയുടെ തലയിലേക്ക് ഇടിച്ചു. തടസം പിടിക്കാൻ ശ്രമിച്ച ബാബുവിനെ ഇൻ്റർലോക്ക് ടൈൽ കൊണ്ട് തലയിൽ അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. ഇരുവരുടെയും മരണം ഉറപ്പാക്കി ഇവരുടെ ശരീരം കുടിലിനുള്ളിലേക്ക് വലിച്ചിട്ട ശേഷം കടന്നു കളയുകയായിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ടി രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി.

Exit mobile version