Site iconSite icon Janayugom Online

അരവിന്ദ് കെജ്രിവാളിന്റെ അധിക സുരക്ഷ പിന്‍വലിക്കാനൊരുങ്ങി പഞ്ചാബ് പൊലീസ്

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന അധിക സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പഞ്ചാബ് പൊലീസ്. ഡല്‍ഹി പൊലീസിന്റെയും ഇലക്ഷന്‍ കമ്മീഷന്റെയും നിര്‍ദേശ പ്രകാരം അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന അധിക സുരക്ഷ തങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു.

‍‍ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഫെബ്രുവരി 8ന് വോട്ടെണ്ണും.

ഇസഡ്പ്ലസ് സുരക്ഷ ഉള്ള കെജ്രിവാളിന്  ഒരു പൈലറ്റ്, എസ്കോര്‍ട്ട് സംഘങ്ങള്‍, ക്ലോസ് പ്രോട്ടക്ഷന്‍ സ്റ്റാഫ്, സെര്‍ച്ച് ആന്‍ഡ് ഫ്രിക്സ് യൂണിറ്റുകള്‍ എന്നിവയാണുള്ളത്. കൂടാതെ കേന്ദ്ര സായുധ പൊലീസ് സേനയിലെ 15 യൂണിഫേൈം ഉദ്യോഗസ്ഥരെയും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ജനുവരി 18ന് ഡല്‍ഹി മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ കെജ്രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടാകുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഈ മാസം ആദ്യം ഖലിസ്താന്‍ ഭീകരര്‍ കെജ്രിവാളിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ജീവിതരേഖ അവസാനിക്കുന്നത് വരെ ദൈവം തന്നെ സംരക്ഷിക്കുമെന്നായിരുന്നു കെജ്രിവാള്‍ ഇതിനെതിരെ പ്രതികരിച്ചത്.

കെജ്രിവാളിന്റെ ജീവന് ഭീഷമി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version