Site iconSite icon Janayugom Online

ഒഡിഷയിലെ പുരി ജഗന്നാഥ് യാത്ര; തിക്കിലും തിരക്കിലും പെട്ട് 3 മരണം, പത്ത് പേർക്ക് പരിക്ക്

ഒഡിഷയിലെ പുരി ജഗന്നാഥ് യാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ മരിക്കുകയും 10 പേർക്ക് പരിക്കേഷക്കുകയും ചെയ്തു. രഥയാത്രയിലെ മൂന്ന് വിഗ്രഹങ്ങളും വഹിച്ചുകൊണ്ട് പോകുന്ന ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം. ഇത് രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്. 

ഇന്ന് പുലർച്ചെ 4.30ന് രഥയാത്ര ഗുണ്ടിച്ചൽ ക്ഷേത്രത്തിലെത്തിയപ്പോൾ ദർശനത്തിനായി വൻജനാവലി ഉണ്ടായിരുന്നു. ജനക്കൂട്ടം തടിച്ച് കൂടിയതോടെ ചിലർ വീഴുകയും തിക്കിലും തിരക്കിലും പെടുകയുമായിരുന്നു. 3പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രഭാതി ദാസ്, ബസന്തി സാഹു, എന്നീ രണ്ട് സ്ത്രീകളും 70 കാരനായ പ്രേംകാന്ത് മൊഹന്തിയുമാണ് മരിച്ചത്. ഖുർദ ജില്ലയിൽ നിന്നുള്ള മൂവരും രഥയാത്രയ്ക്കായി പുരിയിലെത്തിയതാണെന്നാണ് വിവരം. 

സംഭവസ്ഥലത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പൊലീസ് മതിയായ ക്രമീകരണങ്ങൾ ചെയ്തിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. 

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്നും പുരി കലക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വയിൻ പറഞ്ഞു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ജനക്കൂട്ടം പെട്ടന്ന് നിയന്ത്രണം വിട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് കലക്ടറുടെ വിശദീകരണം. 

Exit mobile version