Site iconSite icon Janayugom Online

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തമാസം അഞ്ചിന്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ.

മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. വിഞ്ജാപനം വ്യാഴാഴ്ച  പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. ഇതുസംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരദിനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രസ്താവന നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് എന്നും മകനോ മകളോ എന്ന് അവരുടെ കുടുംബമാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.

ഉമ്മന്‍ ചാണ്ടിയോടുള്ള ബഹുമാന സൂചകമായി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ഇടതുമുന്നണിയോടും ബിജെപിയോടും സുധാകരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ വി ഡി സതീശന്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരികയും ചെയ്തു.

എന്നാല്‍ തിടുക്കത്തില്‍ ഇത്തരമൊരു ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നതിനെ ഉമ്മന്‍ ചാണ്ടിയുടെ മകളടക്കം വിമര്‍ശിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. കുടുംബത്തില്‍ നിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ അത് അംഗീകാരമാണെന്നും അവര്‍ മറുപടിയും നല്‍കി.

Eng­lish Sam­mury: Puthu­pal­ly by-elec­tion on 5th of September

Exit mobile version