Site iconSite icon Janayugom Online

പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ, റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡൽഹിയിൽ

ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് അതീവ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻ‌എസ്‌ജി കമാൻഡോകളും ചേർന്നാണ് സുരക്ഷാ സംവിധാനങ്ങൾ നിയന്ത്രിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50ൽ അധികം റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. വ്ലാഡിമിർ പുടിൻ സന്ദർശനം നിശ്ചയിച്ച എല്ലാ ഇടങ്ങളിലും പരിശോധനകൾ പൂർത്തിയായി. പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും. 

ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റിയും ഇന്ത്യയും ചൈനയുമടക്കമുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ചർച്ച ചെയ്യുമെന്ന് പുടിൻ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേൽ യു എസ് പിഴ ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിൻ്റെ ഇന്ത്യാ സന്ദർശനം.

Exit mobile version