Site iconSite icon Janayugom Online

ക്യുഎസ് — ടൈംസ് റാങ്കിങ്ങുകൾ: കേരളയ്ക്കും എംജിക്കും വീണ്ടും ആഗോള നേട്ടം

educationeducation

ലോകനിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമായി ആഗോള നേട്ടത്തിന്റെ നെറുകയില്‍ എംജി, കേരള സർവകലാശാലകള്‍. ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ കേരള സർവകലാശാല മികച്ച നേട്ടം സ്വന്തമാക്കിയപ്പോൾ ടൈംസ് ആഗോള റാങ്കിങ്ങിലാണ് എംജി സര്‍വകലാശാല മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിങ് സംവിധാനമായ ക്യുഎസ് റാങ്കിങ്ങിന്റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് ഏഷ്യ 2025ൽ കേരള സർവകലാശാല 339-ാം സ്ഥാനം നേടി. അതോടൊപ്പം വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് സതേണ്‍ ഏഷ്യയിൽ 88-ാം സ്ഥാനവും കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചു. 

സർവകലാശാലകളുടെ അക്കാദമിക- ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങളാണ് ക്യുഎസ് റാങ്കിന് അടിസ്ഥാനമാക്കുന്നത്. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ‑വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് ക്യുഎസ് റാങ്കിങ്. സമീപ വർഷങ്ങളിൽ എന്‍എഎസി, എന്‍ഐആര്‍എഫ് തുടങ്ങിയ ദേശീയതലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിങ്ങിലും സ്വന്തമാക്കിയ മികച്ച നേട്ടങ്ങളുടെ തുടർച്ചയാണ് കേരള സർവകലാശാലയുടെ ക്യുഎസിലെ മികവെന്നും നേട്ടം അഭിമാനകരമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 

അധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025 വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ 401 മുതല്‍ 500 വരെ വിഭാഗത്തിലേക്കാണ് എംജി സർവകലാശാല മുന്നേറിയത്. 2024ലെ റാങ്കിങ്ങില്‍ 501–600 റാങ്ക് വിഭാഗത്തിലായിരുന്നു സർവകലാശാല. എംജി സര്‍വകലാശാലയ്ക്കുപുറമെ തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാല, സിമാറ്റ്സ് ഡീംഡ് സര്‍വകലാശാല, ഹിമാചല്‍ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്റ് മാനേജ്മെന്റ് എന്നിവ മാത്രമാണ് 401–500 റാങ്ക് വിഭാഗത്തിലുള്ളത്. 115 രാജ്യങ്ങളില്‍നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് റാങ്ക് പട്ടിക. യുകെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കാണ് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഒന്നാം സ്ഥാനം.

Exit mobile version