Site iconSite icon Janayugom Online

ക്വാർട്ടേഴ്സ് ഉടമയുടെ കൊലപാതകം: അയൽവാസിയും ബന്ധുവും അറസ്റ്റിൽ

ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സീതാംഗോളി പിലിപ്പള്ളം ചൗക്കാറിലെ തോമസ് ക്രാസ്ത(63)യെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി മുനീർ (41), മുനീറിന്റെ ഭാര്യാസഹോദരൻ കർണാടക സ്വദേശി അഷ്റഫ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന പ്രതികളെ ബുധനാഴ്ചയാണ് പൊലീസ് തിരിച്ചറിഞ്ഞത്. കൊലപാതകം നടന്നതിന് ശേഷം ഇവരെ വീട്ടിൽ നിന്നു കാണാതായതും ഫോൺ സ്വിച്ച് ഓഫായതുമാണ് പ്രതികളെ എളുപ്പം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. ജൂൺ 28നു രാത്രിയില്‍ പ്രതികൾ തോമസ് ക്രാസ്തയെ കൊലപ്പെടുത്തി സമീപത്തെ പറമ്പിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനു പിറകിലെ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. 

തോമസിന്റെ കഴുത്തിലുണ്ടായിരുന്ന നാലരപവനോളം തൂക്കമുള്ള സ്വർണമാലയ്ക്കും കൈയിലണിഞ്ഞിരുന്ന ഏഴു ഗ്രാം തൂക്കമുള്ള മോതിരത്തിനും വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. തോമസിന്റെ വീട്ടിന് പിറകുവശത്താണ് ഒന്നാം പ്രതിയായ മുനീറിന്റെ താമസം. 28നു രാത്രിയിൽ മുനീറാണ് തോമസിനെ വീടിന് പിറകുവശത്തേക്ക് വിളിച്ചു വരുത്തിയത്. ആദ്യം തലയ്ക്ക് പിന്നിൽ ഇരുമ്പുദണ്ഡ് കൊണ്ടു അടിച്ച് ബോധം കെടുത്തി. പിന്നീട് ചെത്തുകല്ല് തലയിൽ ഇട്ടാണ് കൊലപ്പെടുത്തിയത്. കല്ലുവീണ തല 20 കഷ്ണങ്ങളായി ചിതറിയിരുന്നതായി പൊലീസ് അറിയിച്ചു.
ആദ്യം ചാക്കിലാക്കിയ മൃതദേഹം മുനീറിന്റെ വീട്ടിലെ ജനൽകർട്ടനും പശുവിന്റെ കയറുമുപയോഗിച്ച് കെട്ടിയ ശേഷമാണ് തോമസിന്റെ വീട്ടുപറമ്പിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിനായി കുഴിച്ച സെപ്റ്റിക് ടാങ്കിൽ തള്ളിയത്. 

നാലു ദിവസമായി തോമസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ബദിയഡുക്ക പൊലീസിൽ പരാതി നൽകിയിരുന്നു.
ജൂലൈ ഒന്നിന് വൈകുന്നേരമാണ് തോമസിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കാസർകോട് ഡിവൈഎ‌സ‌്പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. വിദ്യാനഗർ ഇൻസ്പെക്ടർ പി പ്രമോദ്, എസ്ഐമാരായ പി കെ വിനോദ്കുമാർ, സി റുമേഷ്, കെ ലക്ഷ്മിനാരായണൻ, ഫിറോസ്, പൊലീസ് ഉദ്യോഗസ്ഥരായ ടി കെ ശശികുമാർ, പ്രസാദ്, മനു മണിയറ, ശിവകുമാർ, നിജിൻകുമാർ, രാജേഷ് കാട്ടാമ്പള്ളി, റോജൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
1994ൽ ഭാര്യയുമായി ബന്ധം വേർപെടുത്തിയ തോമസ് 29 വർഷമായി തനിച്ചാണ് താമസം.
രണ്ടു വീടുകളും രണ്ട് അപ്പാർട്ട്മെന്റുകളും സ്വന്തമായുണ്ട്. കുഴല്‍ക്കിണര്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.

Eng­lish Sum­ma­ry: Quar­ters own­er’s mur­der: Neigh­bor and rel­a­tive arrested

You may also like this video

Exit mobile version