Site icon Janayugom Online

അധിനിവേശത്തിന്റെ കയ്യൊപ്പുകള്‍

വധിയായിരുന്നിട്ടും ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കടകളില്‍, പ്രത്യേകിച്ച് പര്‍ദക്കടകളില്‍ നല്ല തിരക്കായിരുന്നു. സര്‍വകലാശാലകളിലെത്തിയ അധ്യാപകര്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ വിളിച്ചുകൂട്ടി വീടുകളിലേക്കും സ്വദേശങ്ങളിലേക്കും തിരിച്ചുപോകുവാന്‍ ഉപദേശിച്ചു. ഞെട്ടല്‍ മാറാത്ത ഒരു യുവതി അപ്പോള്‍ ഇനി നാം കണ്ടുമുട്ടുമോ എന്ന ആധി പങ്കുവച്ചു. ചിലരെങ്കിലും മറച്ചുവയ്ക്കപ്പെടുന്ന ജീവിതത്തെയോര്‍ത്ത് ആശങ്കപ്പെട്ടു. കാബൂളില്‍ പ്രവേശിച്ച താലിബാന്‍ സേന ആ സമയം പ്രസിഡന്റിന്റെ വസതി കയ്യടക്കാന്‍ മുന്നേറുകയായിരുന്നു. പിന്നീടുള്ള മണിക്കൂറുകളി‍ല്‍ കാബൂളിലെ വിമാനത്താവളത്തില്‍ നിന്നും നാടുവിട്ടോടുവാന്‍ തിരക്കൂകൂട്ടിയവരില്‍ യുഎസ് പൗരന്മാരും പട്ടാളക്കാരുമുണ്ടായിരുന്നു.

വിമാനത്താവളത്തില്‍ റണ്‍വേയില്‍പോലും ജനങ്ങളായിരുന്നു. കാബൂളിലെ സ്ത്രീകള്‍ കടകളില്‍ തിരക്കുകൂട്ടിയതും അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ വിളിച്ചുകൂട്ടി തിരിച്ചുപോകുവാന്‍ ഉപദേശിച്ചതും രാജ്യം താലിബാന്‍ ഭരിച്ചൊരു ഭൂതകാലത്തിന്റെ ഭീതിദമായ ഓര്‍മകള്‍ വീണ്ടും ഉണര്‍ന്നതുകൊണ്ടായിരുന്നു. പെണ്ണിന് പുറത്തിറങ്ങുവാനും പഠനം നടത്തുവാനും അനുവാദമില്ലാതിരിക്കുകയും പ്രാകൃത ശിക്ഷാരീതികള്‍ അവലംബിക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലം. ആ ഭൂതകാലത്താണ് പത്താം നൂറ്റാണ്ടില്‍ ജീവിച്ച റാബിയ ബല്‍ഖിയെന്ന കവിയുടെ ഓര്‍മകള്‍ വല്ലാതെ ആഘോഷിക്കപ്പെട്ടത്. കവിതയെഴുതിയതിനും സമ്പന്ന കുടുംബത്തില്‍ പിറന്നിട്ടും ദരിദ്രനെ പ്രണയിച്ചതിനും കൊല്ലപ്പെട്ടവളായിരുന്നു റാബിയ. താലിബാന്റെ ആദ്യഭരണത്തില്‍ റാബിയമാരുടെ എണ്ണം എത്രയോ വര്‍ധിച്ചു. റാബിയയെ ഓര്‍ത്തുകൊണ്ട് 2017ല്‍ അഫ്ഗാനിലെ ഹൊസ്നിയ മൊഹ്സേനിയെന്ന കവി ‘ഒരു നല്ല ദിവസം വരു‘മെന്ന കവിത എഴുതിയിട്ടുണ്ട്. ‘വാതിലുകള്‍ അടയ്ക്കാത്ത ഒരു ദിവസം വരും, അവിടെ പ്രണയത്തിലാകുന്നത് ഒരു കുറ്റമായിരിക്കില്ല, വിശാലമായ മരുഭൂമികളിൽ ചിരിയോടെ, മസാറിന്റെ ചുവന്ന പുഷ്പങ്ങളുടെ ഇടയിൽ ഞങ്ങൾ നൃത്തം ചെയ്യും, ആ ദിവസം വിദൂരമല്ല’ എന്നിങ്ങനെയായിരുന്നു കവിതയിലെ വരികള്‍.

ഇന്നിപ്പോള്‍ വീണ്ടും കാബൂളിനുമേല്‍ താലിബാന്റെ പിടിമുറുകിയപ്പോള്‍ അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഹൊസ്നിയയുടെ വരികള്‍ ആവര്‍ത്തിച്ചു ചൊല്ലുന്നുണ്ടാവും. അഫ്ഗാന്‍ താലിബാന്റെ പിടിയില്‍ ആദ്യം അമരുവാന്‍ കാരണമായത് യുഎസിന്റെ ഇടപെടലായിരുന്നുവെങ്കില്‍ വീണ്ടും താലിബാന്‍ പിടിമുറുക്കലിന് കാരണമായത് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ആരംഭിച്ചതോടെയായിരുന്നുവെന്ന വ്യത്യാസം മാത്രം. രണ്ടു ഘട്ടങ്ങളിലും ആത്യന്തികമായി പരാജയപ്പെട്ടത് യുഎസും അഫ്ഗാനിലെ ജനതയുമാണ്. സോവിയറ്റ് ആഭിമുഖ്യവും സോഷ്യലിസ്റ്റ് ആശയങ്ങളുമായി ഭരണം നടത്തിയ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും നജീബുള്ളയുടെ ഭരണത്തെയും തകര്‍ക്കുന്നതിന് തീവ്രവാദ — ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും സായുധ ‑സാമ്പത്തിക സഹായങ്ങള്‍ നല്കുകയും ചെയ്ത യുഎസിന്റെ നിലപാടുകള്‍ക്കാണ് പിന്നീടുള്ള കാലത്തെ അഫ്ഗാന്‍ ദുരന്തങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുതും വലുതുമായ എല്ലാ ഭീകര — തീവ്രവാദ സംഘടനകളെയും അമേരിക്ക പോറ്റിവളര്‍ത്തി. ഒസാമ ബിന്‍ലാദന്മാരെ പാലൂട്ടി. അങ്ങനെ ലോക ചരിത്രത്തില്‍ ക്രൂര ഭരണാധികാരികള്‍ക്കുപോലും ഉണ്ടാകാതിരുന്നത്രയും മനുഷ്യത്വരഹിതമായ പതനം അമേരിക്ക, നജീബുള്ളയ്ക്ക് നല്കി. ഭീകരസംഘടനകള്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കലാപങ്ങളും കൊടുംക്രൂരതകളും നടത്തിയപ്പോള്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായെങ്കിലും അതിനും സമ്മതിക്കാതെയായിരുന്നു നജീബുള്ളയെ പിടികൂടി ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയത്. 1996 സെപ്റ്റംബര്‍ 26 ന് വൈകിട്ട് പിടികൂടിയ നജീബുള്ളയെ ക്രൂര പീഡനങ്ങള്‍ക്കിരയാക്കി വധിച്ചശേഷം മൃതശരീരം ട്രക്കിന് പിറകില്‍ കെട്ടിവലിച്ച് നഗരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും വിളക്കുകാലില്‍ കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നീടുള്ള അഞ്ചുവര്‍ഷക്കാലം അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലായിരുന്നു. അമേരിക്ക പാലൂട്ടി വളര്‍ത്തിയ അതേ ഭീകരസംഘടനകളുടെ സഹായത്തോടെ 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ്സെന്ററിന് നേരെയുണ്ടായ അല്‍ഖ്വയ്ദ ഭീകരാക്രമണം പാലുകൊടുത്ത ശക്തികളുടെ തിരിഞ്ഞുകൊത്തലായി. അഫ്ഗാന്‍ നയം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയായെന്നര്‍ത്ഥം.

അങ്ങനെയാണ് താലിബാന്‍ ഭരണം മാറ്റി യുഎസ് സൈനിക സാന്നിധ്യത്തില്‍ ഹാമിദ്കര്‍സായിയെ പ്രസിഡന്റായി വാഴിക്കുന്നത്. പിന്നീടുള്ള അഫ്ഗാന്റെ ഇടര്‍ച്ചകളിലും തകര്‍ച്ചകളിലും ക്രൂരതകളിലും വാഷിങ്ടണിന്റെയും വൈറ്റ്ഹൗസിന്റെയും കയ്യൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. യുഎന്നിന്റെയും നാറ്റോയുടെയുമൊക്കെ അംഗീകാരത്തോടെയെന്ന പേരിലായിരുന്നു അമേരിക്ക അഫ്ഗാന്‍ അധിനിവേശം സാധ്യമാക്കിയത്. ഇക്കാലമത്രയും ആയിരക്കണക്കിന് യുഎസ് സൈനികരാണ് അഫ്ഗാനില്‍ നിലയുറപ്പിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പ് ട്രംപ് ഭരണകൂടമാണ് താലിബാനുമായി ചര്‍ച്ച ചെയ്തശേഷം യുഎസ് സൈന്യത്തെ പിന്‍വലിക്കുവാന്‍ ധാരണയാകുന്നത്. അത് ബൈഡന്‍ പെട്ടെന്ന് നടപ്പിലാക്കി. പക്ഷേ ഇവിടെയും അമേരിക്ക തന്നെയാണ് തോല്ക്കുന്നത്. താലിബാന്റെ മുന്നേറ്റം തുടങ്ങിയശേഷം കാബൂള്‍ പിടിക്കുന്നതിന് 30 ദിവസം മുതല്‍ മൂന്ന് മാസംവരെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പ്രവചിച്ചത്. പക്ഷെ മൂന്നു ദിവസംകൊണ്ട് താലിബാന്‍ അത് സാധ്യമാക്കി. അഫ്ഗാനില്‍ അമേരിക്ക സ്വീകരിച്ച എല്ലാ നയങ്ങളും പരാജയമായിരുന്നുവെന്നും അവര്‍ക്കുതന്നെയാണ് തിരിച്ചടിയായതെന്നുമുള്ള ചരിത്രം ഇവിടെയും ആവര്‍ത്തിക്കുന്നു. പണ്ട് വിയറ്റ്നാമിനെ പിടിച്ചടക്കുവാന്‍ പോയി അവിടെയുള്ള ജനങ്ങളുടെ പ്രതിരോധത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാകാതെ തിരിച്ചോടിയ തോല്‍വി ആവര്‍ത്തിച്ചതുപോലെ. ഹാനോയില്‍ നിന്ന് ഹെലികോപ്റ്ററുകളില്‍ സൈനികരെ രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയായിരുന്നു. അതുതന്നെയാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും കാബൂളിലുമുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഈ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്കുണ്ടാക്കുന്ന രാഷ്ട്രീയ, സൈനിക, സാമ്പത്തിക പരാജയങ്ങളുടെ കണക്കെടുപ്പ് വരുംനാളുകളില്‍ മാത്രമേ പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ. അങ്ങനെ നിലപാടുകളില്‍ തോറ്റുകൊണ്ടേയിരിക്കുന്ന അമേരിക്കയോട് ചേര്‍ന്നുനില്ക്കുകയും അതിന് അനുസൃതമായ രീതിയില്‍ വിദേശ നയങ്ങളും അയല്‍ബന്ധങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ക്ക് അഫ്ഗാനിലെ സംഭവവികാസങ്ങളില്‍ നിന്ന് നല്ലപാഠം പഠിക്കുവാനുണ്ട്. അത് സാമ്രാജ്യത്താനുകൂല നിലപാട് തിരുത്തണമെന്നതുതന്നെയാണ്.

Exit mobile version