രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മാതാപിതാക്കള്‍. എസ്‍സി, എസ്‍ടി കമ്മിഷനും വിതുര പൊലീസിനും ഇത് സംബന്ധിച്ച് പരാതി നല്‍കി. 12 വർഷമായി രാജ്ഭവനില്‍ കാഷ്വൽ ലേബർ തസ്തികയിൽ ജോലി ചെയ്തിരുന്ന വിജേഷ് കാണി (37)യുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ വിതുര ആനപ്പാറ ചെറുമണലി തേക്കിൻകര മണൽപുറത്തുവീട്ടിൽ ദാമോദരൻ കാണി-ശ്യാമള എന്നിവരാണ് പരാതി നൽകിയത്.
രാജ്ഭവൻ ഉദ്യാനത്തിലെ ചുമതലക്കാരായ ചില ഉദ്യോഗസ്ഥരും ജീവനക്കാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വിജേഷ് പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. വൃക്കയിൽ കല്ല് ബാധിച്ച് ചികിത്സയിലിരുന്നപ്പോൾ കഠിനമായ ജോലികൾ നൽകരുതെന്ന് അഭ്യർത്ഥിച്ചിട്ടും തെങ്ങുകയറാനും മരംമുറിക്കാനുമൊക്കെ നിയോഗിച്ചു. സിസിടിവി കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽവച്ച് മർദിച്ചു. ശാരീരികമായി തളർന്ന വിജീഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 24നാണ് മരിച്ചത്. 25ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഒരുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല. സഹപ്രവർത്തകർക്കും ഇക്കാര്യങ്ങൾ അറിയാം. ജാതിപറഞ്ഞായിരുന്നു മർദനവും പീഡനവുമെന്നും കുടുംബം ആരോപിക്കുന്നു. മകൻ മരിച്ചശേഷം ചില ജീവനക്കാർ വീട്ടിലെത്തി പണം നൽകിയശേഷം ആരോടും ഒന്നും പറയരുതെന്ന് താക്കീത് ചെയ്തുവെന്നും ഇരുവരും പറയുന്നു.
കുടുംബശ്രീ മുഖേനയാണ് രാജ്ഭവനിലെ പുറംപണികൾ ഉൾപ്പെടെ ചെയ്യുന്ന ജീവനക്കാരെ നിയമിക്കുന്നത്. 675 രൂപ ദിവസക്കൂലിക്കാണ് നിയമനം. ദളിത് വിഭാഗത്തിലുള്ളവരാണ് ജീവനക്കാരിൽ കൂടുതലും. ജാതിയധിക്ഷേപത്തിലും മാനസിക പീഡനത്തിലും മനംനൊന്ത് നിരവധി താല്‍ക്കാലിക ജീവനക്കാർ ജോലി ഉപേക്ഷിച്ചുപോയിട്ടുണ്ടെന്നും വിജീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
English Summary: Racism and harassment; Relatives of Raj Bhavan employee’s de ath mysterious
You may also like this video