തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വർഗീയത ആളിക്കത്തിച്ച് മുന്നോട്ടുപോകുന്ന ബിജെപിയിൽ നിൽക്കാൻ കഴിയാതെ പാർട്ടിയിലെ മുസ്ലിം നേതാക്കളും പ്രവർത്തകരും. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും തങ്ങളുടെ വാക്കുകൾക്ക് പാർട്ടിയിൽ വിലയില്ലെന്ന തിരിച്ചറിവുമാണ് പലരെയും മടുപ്പിച്ചിരിക്കുന്നത്.
മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാല മുൻ വിസിയുമായിരുന്ന ഡോ. എം അബ്ദുൽ സലാമിന്റെ വെളിപ്പെടുത്തലും ഈ സാഹചര്യത്തിൽ നിന്നുണ്ടായതാണ്. കേരള സ്റ്റോറി ഉൾപ്പെടെയുള്ള വിവാദങ്ങൾ സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ ബാധിച്ചതായാണ് ഡോ. എം അബ്ദുൽ സലാം പറഞ്ഞത്. മുസ്ലിങ്ങൾക്കിടയിൽ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്നത് വസ്തുതാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ബിജെപി നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.
ബിജെപി ഹിന്ദുക്കളുടെ പാർട്ടിയാണെന്നത് കള്ള പ്രചാരണമാണെന്നും മോഡിയുടെ ഭരണം വിലയിരുത്തിയാൽ എല്ലാവരുടെയും ഉയർച്ചയ്ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് മനസിലാവുമെന്നെല്ലാം പറഞ്ഞ നേതാവാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. അയോധ്യക്കും ഗ്യാൻവാപിക്കും പൗരത്വ ഭേദഗതി നിയമത്തിനും പിന്നാലെ കേരള സ്റ്റോറിയും കേരളത്തിൽ വലിയ തോതിൽ ചർച്ചയാക്കുന്നതാണ് അബ്ദുൽ സലാം ഉൾപ്പെടെയുള്ളവരെ പ്രയാസത്തിലാക്കിയത്. മലപ്പുറം പോലെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള സ്ഥലത്തെ സ്ഥാനാർത്ഥിയായ തന്നെ ഇത് വലിയ തോതിൽ ബാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഭയം.
കേരളത്തിൽ മുസ്ലീം വിഭാഗത്തെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമായ ബിജെപി നേതൃത്വം ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാനാവുമോ എന്ന ആലോചനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷ വേളയിലെല്ലാം ക്രിസ്ത്യൻ വീടുകളിലും ദേവാലയങ്ങളിലും എത്തി ആശംസകൾ അറിയിച്ചത്. എന്നാൽ ഈദ് ആഘോഷ വേളയിൽ ഇത്തരമൊരു സമീപനം ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നില്ല. നേതൃത്വത്തിന്റെ ഇത്തരം സമീപനത്തിലും അബ്ദുൾ സലാം ഉൾപ്പെടെയുള്ളവർക്ക് വേദനയുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന്റെ വീട് സന്ദർശിച്ച നേതൃത്വം ഈദിന് മുസ്ലിങ്ങളുടെ വീടും സന്ദർശിക്കണമെന്നുമുള്ള അബ്ദുൾ സലാമിന്റെ പ്രതികരണം ബിജെപി നേതൃത്വത്തിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്ന് സ്ഥാനാർത്ഥിയായ തന്നെ ഒഴിവാക്കിയതിൽ ഇദ്ദേഹത്തിന് വലിയ വിഷമമുണ്ടായിരുന്നു. മറ്റ് സ്ഥാനാർത്ഥികൾ ബിജെപി സംസ്ഥാന അധ്യക്ഷനും മോഡിക്കുമൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങുമ്പോൾ അബ്ദുൾ സലാമിന് കാഴ്ചക്കാരനായി നിൽക്കേണ്ടിവരികയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ പൂർണമായും വർഗീയ അജണ്ടകളിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം തിരിഞ്ഞതോടെ ബിജെപിയിലെ മറ്റ് മുസ്ലിം നേതാക്കളും ആശങ്കയിലാണ്. താല്‍ക്കാലിക നേട്ടങ്ങൾ പ്രതീക്ഷിച്ചാണ് ഇവരിൽ പലരും ബിജെപിയിൽ അംഗത്വമെടുത്തത്. ദേശീയ തലത്തിൽ വർഗീയ അജണ്ടകളുമായി മുന്നോട്ട് പോകുമ്പോഴും കേരളത്തിൽ അത്തരം അനുഭവങ്ങളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പലരും പാർട്ടിയിലേക്കെത്തിയത്. എന്നാൽ ബിജെപിയുടെ മുഖമുദ്ര തന്നെ വർഗീയത മാത്രമാണെന്ന തിരിച്ചറിവിൽ സമൂഹത്തിൽ തന്നെ ഒറ്റപ്പെടുന്ന അവസ്ഥയിലാണ് തങ്ങളെന്നാണ് ഇവരിൽ പലരും രഹസ്യമായി വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീർ അടുത്തിടെ പാര്‍ട്ടി വിട്ടത്.
ബിജെപിയിൽ ചേർന്ന് മതം മാറുകവരെ ചെയ്ത സംവിധായകൻ അലി അക്ബറും നേതൃത്വത്തിന്റെ അവഗണനയെ തുടർന്ന് പാർട്ടി വിട്ടിരുന്നു.
English Summary: Radical Hinduism: Minority Leaders Quit BJP
You may also like this video