Site iconSite icon Janayugom Online

റഫാല്‍ തകര്‍ന്നുവീണു? സ്ഥിരീകരിച്ച് ഫ്രഞ്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്‍ അവകാശവാദം സ്ഥിരീകരിച്ച് ഫ്രഞ്ച് ഇന്റലിജന്‍സ്. ആദ്യമായാണ് റഫാല്‍ യുദ്ധവിമാനത്തിന് ഇത്തരം ഒരു തിരിച്ചടി ലഭിക്കുന്നതെന്നും മുതിര്‍ന്ന ഫ്രഞ്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും അദ്ദേഹം പ്രതികരിച്ചു.

മൂന്നു റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാകിസ്ഥാന്‍ അവകാശവാദം. എന്നാല്‍ ചിത്രങ്ങളോ, തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളോ വീഡിയോ ദൃശ്യങ്ങളോ പാകിസ്ഥാന്‍ ഇതുവരെ പുറത്തുവിട്ടില്ല. ഇതിനിടെ ഔദ്യോഗിക സ്ഥീരികരണമില്ലാതെ സമൂഹമാധ്യമങ്ങളില്‍ റഫാല്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. 001 സീരിയല്‍ നമ്പര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇന്ത്യയുടെ ദസ്സോ റഫാല്‍ ഇഎച്ച് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങളാണ് ചിത്രത്തിലുള്ളതെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. പഞ്ചാബിലെ ഭട്ടിന്‍ഡ നഗരത്തില്‍ നിന്നുള്ള ചിത്രമാണിത്.

പ്രതിരോധ വിദഗ്ധനായ റിക് ജോ ചിത്രത്തിലുള്ളത് തകര്‍ന്ന യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സ്ഥീരികരിച്ചു. വിമാനത്തിന്റെ നോസില്‍ സ്ക്രൂ ഭാഗം പരിശോധിക്കുമ്പോള്‍ എം88 ഇന്ത്യന്‍ റഫാല്‍ ജെറ്റ് എന്‍ജിനുമായി സാമ്യമുള്ളതായും അദ്ദേഹം പറഞ്ഞു. മിറാഷ് വിമാനങ്ങളില്‍ എം 53 എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. ചില പാകിസ്ഥാന്‍ എക്സ് പ്ലാറ്റ്ഫോമുകളും തകര്‍ന്ന് വീണ മിഗ് ‑29 യുദ്ധ വിമാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു.

എന്നാല്‍ രാജസ്ഥാനിലെ ബാര്‍മറില്‍ 2024ല്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) അറിയിച്ചു. മറ്റൊരു വീഡിയോയില്‍ കാണുന്ന മിഗ് 21 ഫൈറ്റര്‍ യുദ്ധവിമാനം പഞ്ചാബിലെ മോഗ ജില്ലയില്‍ 2021ല്‍ തകര്‍ന്നതാണെന്നും പിഐബി അറിയിച്ചു. ചില അക്കൗണ്ടുകളില്‍ വിമാനം റഫാല്‍ അല്ലെന്നും മിറാഷ് 2000 ആണെന്നും അവകാശപ്പെടുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ജമ്മു കശ്മീരിലെ അഖ്നൂറിലും പാംപോറിലും റംബാനിലും തകര്‍ന്നുവീണതായി ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്കിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ ഈ വാര്‍ത്തകള്‍ പിന്‍വലിക്കപ്പെട്ടു. എഎഫ‌്പി ന്യൂസ് തകര്‍ന്ന യുദ്ധവിമാനത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചുവെങ്കിലും ഇത് ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസും പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി വാര്‍ത്ത നല്‍കിയിരുന്നു. ചൈനയിലെ ഇന്ത്യന്‍ എംബസി ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം റഫാല്‍ തകര്‍ന്നുവീണുവെന്ന റിപ്പോര്‍ട്ട് പിന്നാലെ ദസ്സോ ഏവിയേഷന്റെ ഓഹരികള്‍ക്ക് ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവുണ്ടായി. അതേസമയം ചൈനീസ് യുദ്ധവിമാനം ജെഎഫ് 17 ന്റെ നിര്‍മ്മാതാക്കളായ അവിക് ചെങ്ഡു എയർക്രാഫ്റ്റ് കമ്പനി ലിമിറ്റഡിന്റെ ഓഹരിവിലയില്‍ 36 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

Exit mobile version