Site iconSite icon Janayugom Online

വീണ്ടും റാഗിങ്ങ്; എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായി പരാതി

ആലപ്പുഴയിലെ ചെന്നിത്തലയിൽ നവോദയ വിദ്യാലത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഭരണിക്കാവ് സ്വദേശിയായ വിദ്യാർത്ഥിയെ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. എന്നാൽ സ്കൂൾ അധികൃതർ വിവരം മറച്ചുവച്ചുവെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാർത്ഥി തന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. ഹോസ്റ്റൽ മുറിയിലെത്തിയതോടെ സീനിയർ വിദ്യാർത്ഥികൾ ഓരോ ചോദ്യങ്ങൾ ചോദിക്കുകയും മർദിക്കുകയുമായിരുന്നു. മുമ്പ് സമാനമായ റാഗിങ്ങ് സ്ക്കൂളിൽ നടന്നിട്ടുണ്ടെന്നും തൻററെ കൂട്ടുകാർക്കും ഇത്തരത്തിൽ മർദനമേറ്റിട്ടുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. 

മർദനമേറ്റ കുട്ടി ബോധരഹിതനായിട്ട് പോലും സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം കുട്ടിയെ കാണാൻ സ്ക്കൂളിലെത്തിയപ്പോഴാണ് മർദന വിവരം അറിയുന്നത്. ഉടൻ തന്നെ ഗേറ്റ് പാസ്സ് വാങ്ങി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സ്കൂളിലെ പ്രിൻസിപ്പലിനോട് മർദന വിവരത്തെപ്പറ്റി പറഞ്ഞപ്പോൾ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. നിങ്ങളുടെ കുട്ടിക്ക് ഇനിയും ഇവിടെ പഠിക്കേണ്ടതല്ലേ എന്നായിരുന്നു പ്രിൻസിപ്പൽ ചോദിച്ചതെന്നും പിതാവ് പറഞ്ഞു. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. 

എന്നാൽ റാഗിങ്ങ് നടന്നിട്ടില്ലെന്നാണ് സ്ക്കൂൾ അധികൃതർ പറയുന്നത്. സീനിയർ ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. 

Exit mobile version