രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാഠ്യം പിടിച്ചതോടെ ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും കാത്തിരിക്കേണ്ടിവന്നത് മണിക്കൂറോളം. പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫിന്റെ കെ എസ് സംഗീതയാണ് രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് കടുംപിടുത്തം പിടിച്ചത്. രാവിലെ 11.15ഓടു കൂടി തന്നെ സത്യപ്രതിജ്ഞ ചടങ്ങുകളും മറ്റും പൂര്‍ത്തിയായിരുന്നു.
എന്നാല്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ രാഹുകാലമാണെന്ന് പറഞ്ഞ ചെയര്‍പേഴ്‌സണ്‍ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഗീതയെ ഓഫീസിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ 12 മണിവരെ രാഹുകാലമാണെന്നും അതിന് ശേഷമേ ഓഫിസ് ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിയൂ എന്നുമായിരുന്നു സംഗീതയുടെ മറുപടി. പുതിയ ചെയര്‍പേഴ്‌സണ്‍ ഔദ്യോഗിക കസേരയില്‍ ഇരിക്കുന്നത് കാണാനായി രാഹുകാലം കഴിയുന്നതും കാത്ത് പ്രവര്‍ത്തകരും ഓഫീസിന് പുറത്ത് ഇരുന്നു.

