ഗൗതം അഡാനിയുമായുള്ള ബന്ധം ഉറപ്പിക്കുന്ന നിരവധി ചോദ്യങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഭരണപക്ഷത്തെ ഏറെ ചൊടിപ്പിച്ച പരാമര്‍ശങ്ങളോടെ രാഹുലിന്റെ പ്രസംഗം.
ഷോർട്ട് സെല്ലർ യുഎസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായ ഹിൻഡൻബർഗ് റിസർച്ച് ഗ്രൂപ്പിന്റെ അക്കൗണ്ടിങ് തട്ടിപ്പോടെ 120 ബില്യൺ ഡോളർ മൂല്യം നഷ്ടപ്പെട്ട ശതകോടീശ്വരൻ ഗൗതം അഡാനിക്കൊപ്പം പ്രധാനമന്ത്രി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷ ഇടപെടലുകള്‍.
ഗൗതം അഡാനിയുടെ ബിസിനസ് സാമ്രാജ്യത്തെ വിവിധ മേഖലകളിലൂടെ പ്രധാനമന്ത്രി മോഡി സഹായിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോളാർ എനർജി, കാറ്റ് എനർജി തുടങ്ങിയ ഒരു ബിസിനസിലും അഡാനി ഒരിക്കലും പരാജയപ്പെടാറില്ല. തന്റെ യാത്രയിൽ ആളുകൾ ചോദിച്ചു, എങ്ങനെയാണ് ഇത്രയധികം മേഖലകളിൽ അഡാനി ഇത്രയും വിജയം നേടിയതെന്ന്? പ്രധാനമന്ത്രിയുമായുള്ള അയാളുടെ ബന്ധം എന്താണെന്ന് ജനങ്ങള്‍ ചോദിച്ചതായും രാഹുൽ ഗാന്ധി ലോക്‌സഭയിൽ വിവരിച്ചു.
പ്രധാനമന്ത്രി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നെല്ലാം അഡാനി വ്യവസായി കരാറുകൾ നേടി. 2014 നും 2022 നും ഇടയിൽ അഡാനിയുടെ ആസ്തി എട്ട് ബില്യൺ ഡോളറിൽ നിന്ന് 140 ബില്യൺ ആയി ഉയർന്നു. 2014ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ അഡാനി 600ൽ നിന്ന് രണ്ടാം റാങ്കിലെത്തി. ഇത് എങ്ങനെയെന്ന് ആളുകൾ എന്നോട് ചോദിക്കുകയാണ്. രാഹുല്‍ പറഞ്ഞു.
‘കളവായി ആരോപണങ്ങൾ ഉന്നയിക്കരുത്, തെളിവ് നൽകൂ’ എന്ന് രാഹുലിന് മറുപടിയുമായി നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഇതോടെയാണ് രാഹുലില്‍ നിന്ന് മോഡിക്കെതിരെ കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത്.
പൊതുമേഖലാ കമ്പനികളായ എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ), എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവയിൽ അഡാനി നിക്ഷേപം നടത്തിയിട്ടുണ്ട്. അഡാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർച്ചയിലായതുകൊണ്ട് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുപണം സുരക്ഷിതമാണോ എന്ന ആശങ്ക ഉണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
English Sammury: Rahul Gandhi today made several allegations in parliament against Prime Minister Narendra Modi linked to billionaire Gautam Adani