Site iconSite icon Janayugom Online

വീണ്ടും മുംസ്ലിം വിരുദ്ധതയുമായി ബിജെപി: അനിമേഷൻ വീഡിയോ പുറത്തുവിട്ടത് കര്‍ണാടക യൂണിറ്റ്

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം വിതച്ച് ബിജെപി. ബിജെപിയുടെ കര്‍ണാടക യൂണിറ്റാണ് വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റുമായി രംഗത്ത് വന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട ഒരു അനിമേഷൻ വീഡിയോയിലാണ് മുസ്ലിം വിരുദ്ധത വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്.

കന്നഡയില്‍ “സൂക്ഷിക്കുക.. സൂക്ഷിക്കുക.. സൂക്ഷിക്കുക..!” എന്ന അടിക്കുറിപ്പോടെയാണ് ആനിമേറ്റഡ് വീഡിയോ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കിളിക്കൂട്ടിൽ “എസ്‌സി [പട്ടികജാതി], എസ്ടി [പട്ടികവർഗം], ഒബിസി [മറ്റ് പിന്നാക്ക വിഭാഗങ്ങൾ] എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മൂന്ന് മുട്ടകള്‍ കാണാം. അതിനൊപ്പം രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ഒന്നിച്ചെത്തി മുസ്ലിം എന്നെഴുതിയിരിക്കുന്ന ഒരു മുട്ട വയ്ക്കുന്നതും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

ഈ മുട്ടകള്‍ വിരിയുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി വീണ്ടുമെത്തി മുസ്ലിം എന്നെഴുതിയിരിക്കുന്ന കിളിക്കുഞ്ഞിന് മാത്രം ഫണ്ട് ‘തീറ്റ’ യായി നല്‍കുന്നു. തുടര്‍ന്ന് ആ കിളിക്കുഞ്ഞ് മാത്രം വളര്‍ന്ന് വലുതായി എസ് സി, എസ് ടി എന്നെഴുതിയിരിക്കുന്ന കിളിക്കുഞ്ഞുങ്ങളെ തള്ളി പുറത്താക്കിയിരിക്കുന്നുവെന്നാണ് അനിമേഷൻ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള ഈ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

വിദ്വേഷവീഡിയോയ്ക്കെതിരെ നടപടിയെടുക്കാൻ നിരവധി ഉപയോക്താക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ വീഡിയോ ടാഗ് ചെയ്തു. അതേസമയം ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നടപടിയെടുക്കാത്ത തെര‍ഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ എം പി സാകേത് ഗോഖലെ രംഗത്തെത്തി. ഇലക്ഷൻ കമ്മിഷൻ ഇതുവരെ ഇത്രത്തോളം താഴ്ന്നുപോയിട്ടില്ല, ഇത്തരം വിഷയങ്ങള്‍ വളരെ ലാഘവത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“ലജ്ജാകരം”,  കർണാടക ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും നടൻ പ്രകാശ് രാജ് പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ മുസ്‌ലിം സംവരണ വിരുദ്ധ പ്രസ്താവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നയിച്ചത്.

Eng­lish Sum­ma­ry: BJP again anti-Mus­lim: Kar­nata­ka unit released ani­mat­ed video

You may also like this video

Exit mobile version