Site icon Janayugom Online

‘കള്ളന്മാരുടെ പേരുകളില്‍‍ എന്തിനാണ് മോഡി?’ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജയില്‍ ശിക്ഷ

‘കള്ളന്മാരുടെ പേരുകളില്‍‍ എന്തിനാണ് മോഡി?’ എന്ന പരാമര്‍ശത്തിനെതിരെയുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി. രണ്ട് വര്‍ഷം ജയില്‍വാസവും 15,000 രൂപ പിഴ ഒടുക്കാനും വിധിച്ചു. അപ്പീല്‍ നല്‍കാന്‍ 49 ദിവസത്തെ സമയവും കേസില്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

എന്റെ മതം സത്യവും അഹിംസയുമാണ്- സത്യം ദൈവവും അഹിംസ അത് നേടാനുള്ള മാർഗവും ആണ് എന്ന മഹാത്മാ ഗാന്ധിയുടെ വാക്യം ട്വിറ്ററില്‍ കുറിച്ചുകൊണ്ട് കോടതി വിധിയോട് രാഹുല്‍ പ്രതികരിച്ചു.

‘നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി ഇങ്ങനെ എല്ലാ കള്ളന്മാരുടെയും പേരുകളിൽ മോഡി എന്തിനാണ്?’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 2019ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോഡി സൂറത്ത് കോടതിയില്‍ നാല് വര്‍ഷം മുന്‍പ് നല്‍കിയ ഹര്‍ജിയിലാണ് വിധി. എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന പേരാണുള്ളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി, മോഡി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂര്‍ണേഷ് മോഡിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. 2021ലാണ് ഈ കേസില്‍ രാഹുല്‍ അവസാനമായി സൂറത്ത് കോടതിയില്‍ ഹാജരായത്. രാഹുലിന്റെ മൊഴിയും അന്ന് കോടതി രേഖപ്പെടുത്തിയിരുന്നു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും അന്തിമ വാദം കേട്ടു. അതിനു ശേഷമാണ് ഇന്ന് വിധി പ്രസ്താവിച്ചത്. രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തിന്റെ വരവറിഞ്ഞ് കോടതി പരിസരത്ത് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇപ്പോഴും സൂറത്തിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് താക്കൂര്‍, നിയമസഭാ കക്ഷി നേതാവ് അമിത് ചാവ്ഡ, എഐസിസി ഗുജറാത്ത് ഘടകം ചുമതലയുള്ള രഘു ശര്‍മ, ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധി‌ക്കൊപ്പം ഉണ്ട്.

സൂറത്തിൽ നടക്കുന്ന മാനനഷ്ടക്കേസ് സിറ്റിങ്ങിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്തുണയുമായി കോൺഗ്രസ് ഇന്ന് വ്യാപകമായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഭഗത് സിങ്ങിന്റെയും സുഖ്‌ദേവിന്റെയും ചിത്രങ്ങൾക്കൊപ്പം ‘ജനാധിപത്യത്തെ പിന്തുണച്ച് നമുക്ക് സൂറത്തിലേക്ക് പോകാം’ എന്നാണ് പോസ്റ്ററിലുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളായ യുവ സ്വാതന്ത്ര്യ സമര സേനാനികൾക്കായി സമർപ്പിച്ച കവി ബിസ്മിൽ അസിമാബാദിയുടെ പ്രശസ്ത കവിതയിൽ നിന്നുള്ള ഗുജറാത്തി ഭാഷയിലുള്ള വരിയും പോസ്റ്ററുകളിലുണ്ട്.

 

Eng­lish Sam­mury: Rahul Gand­hi In Defama­tion Case Over ‘Modi Sur­name’ Remark, Gets 2‑Year

 

Exit mobile version